ചരൽ വരമ്പൻ;ആലപ്പുഴയുടെ പക്ഷിക്കൂട്ടത്തിലേക്ക് പുതിയ വിരുന്നുകാരൻ
text_fieldsതുറവൂർ: അരൂരിലെ കടലോരത്തെ പക്ഷിക്കൂട്ടത്തിലേക്ക് പുതിയ അതിഥിയെത്തി. തീരപ്രദേശങ്ങളോട് ചേർന്നുള്ള പുൽമേടുകളിൽ കാണപ്പെടുന്ന (ടാവ്നി പിപ്പിറ്റ്) എന്നയിനം പക്ഷിയെ അന്ധകാരനഴി തീരത്ത് കണ്ടെത്തി. ചരൽ വരമ്പൻ എന്നാണ് ഈ പക്ഷിയുടെ മലയാളം പേര്. ‘ബേർഡ്സ് എഴുപുന്ന’ സംഘടനയിലെ അംഗങ്ങളും പക്ഷിനിരീക്ഷകരുമായ വിഷ്ണു നന്ദകുമാർ, അരുൺ ഗോപി എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറ് മുതൽ പോർചുഗൽ, സൈബീരിയ എന്നീ സ്ഥലങ്ങളിൽ പ്രജനനം നടത്തുന്ന ഈ കുഞ്ഞൻ പക്ഷികൾ തെക്കേ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നീ സ്ഥലങ്ങളിലേക്ക് തണുപ്പ് കാലത്താണ് ദേശാന്തരം നടത്തുന്നത്. ജില്ലയിൽനിന്നും രേഖപ്പെടുത്തുന്ന 309ാമത്തെ പക്ഷിയാണ് ചരൽ വരമ്പനെന്ന് പക്ഷിനിരീക്ഷകർ പറഞ്ഞു. തീച്ചിന്നൻ എന്ന പക്ഷിയെ പെരുമ്പളം ദ്വീപിൽനിന്ന് സെപ്റ്റംബറിൽ കണ്ടെത്തിയിരുന്നു.
പൊതുവെ വനമേഖലകളിലും മറ്റ് വൃക്ഷനിബിഡമായ പ്രദേശങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഇവയെ ജില്ലയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, സംസ്ഥാന തണ്ണീർത്തട അതോറിറ്റി, കേരള കാർഷിക സർവകലാശാല, ബേർഡേഴ്സ് എഴുപുന്ന എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പളം ദ്വീപിൽ മാസംതോറും നടത്തിവരാറുള്ള പക്ഷി സർവേയിലാണ് തീച്ചിന്നനെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.