ഇടംവലം നോക്കാതെ, പിൻവിളി കേൾക്കാതെ സുദർശനൻ
text_fieldsതുറവൂർ: സ്ഥലകാല ബോധമില്ലാതെ ഇടത്തേക്കും വലത്തേക്കും തിരിയുന്ന വാഹനമാണ് ഓട്ടോറിക്ഷയെന്ന് വിലയിരുത്തുന്നതാണ് ജനത്തിന് ഏെറ ഇഷ്ടം. എന്നാൽ, ഓട്ടോറിക്ഷാ ഡ്രൈവറായ സുദർശനൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതോടെ, ഇടത്തേക്ക് തിരിക്കാൻ എൽ.ഡി.എഫും വലത്തേക്ക് തിരിക്കാൻ യു.ഡി.എഫും കിണഞ്ഞ് ശ്രമിക്കുമ്പോൾ ഇടംവലം നോക്കല്ലേ, നേരേ പോ സുദർശനാ എന്ന് പറഞ്ഞ് എൻ.ഡി.എയും വിലങ്ങുതടിയായി നിൽക്കുന്നു.
തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽനിന്നാണ് സുദർശനൻ ജയിച്ചത്. പത്രവിതരണക്കാരൻ, ഓട്ടോ ഡ്രൈവർ എന്നിങ്ങനെ പ്രവർത്തിക്കുന്ന ഇദ്ദേഹം വിളിപ്പുറത്തെത്തുന്ന വലിയ സഹായിയും മനുഷ്യസ്നേഹിയുമായാണ് നാട്ടുകാർ കാണുന്നത്. അക്കാരണത്താലാണ് സി.പി.ഐയുടെ കുത്തകയായിരുന്ന ഏഴാം വാർഡിെൻറ കോട്ട തകർത്ത് 69 വോട്ടിന് സുദർശനൻ ജയിച്ചത്. തുറവൂർ വളമംഗലം വടക്ക് വാര്യംവീട്ടിൽ ഗോവിന്ദ പൈയുെടയും പരേതയായ സുശീലയുെടയും മകനാണ്.
ആദ്യകാല പത്രം ഏജൻറായിരുന്ന പിതാവുമൊത്ത് ചെറുപ്പത്തിൽതന്നെ തുടങ്ങിയതാണ് പത്രവിതരണം. പിന്നീട് ജീവിത പ്രാരബ്ധങ്ങളെ തള്ളിനീക്കാൻ ഓട്ടോറിക്ഷാ ഡ്രൈവറായി.
തുറവൂർ സ്റ്റാൻഡിൽ ഓട്ടോ ടാക്സി ഓടിച്ച് ജീവിതം നയിക്കുമ്പോഴും പൊതുരംഗത്ത് സജീവമായിരുന്നു. എവിെടയും എപ്പോഴും ആർക്കും രക്തം ദാനം ചെയ്യാൻ സ്വന്തം ചെലവിൽ ഓടിയെത്തുന്ന ഇദ്ദേഹത്തിെൻറ രക്തഗ്രൂപ് ഒ - നെഗറ്റിവാണ്. സ്വന്തമായി കിടപ്പാടമില്ല. അവിവാഹിതനാണ്. കഴിഞ്ഞ പ്രാവശ്യം എൽ.ഡി.എഫ് ആണ് തുറവൂർ പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്തവണ അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ആകെയുള്ള 18 സീറ്റിൽ യു.ഡി.എഫ് ഒമ്പതും എൽ.ഡി.എഫ് ഏഴും സീറ്റ് നേടി. ബി.ജെ.പി ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നു.
ഭരണസുസ്ഥിരതക്ക് യു.ഡി.എഫും തിരുത്തൽ ശക്തിയായി എൽ.ഡി.എഫും നിലകൊള്ളുമ്പോൾ ഇരുമുന്നണിയും സുദർശനെൻറ പിന്തുണ ആഗ്രഹിക്കുന്നു. പക്ഷേ, സുദർശനൻ മനസ്സ് തുറന്നിട്ടില്ല. എന്നാൽ, വൈസ് പ്രസിഡൻറുസ്ഥാനം നൽകിയാൽ യു.ഡി.എഫിനെ പിന്തുണക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് സുദർശനനുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.