വെള്ളക്കെട്ട്; ചേരുങ്കൽ പകർച്ചവ്യാധി ഭീഷണിയിൽ
text_fieldsതുറവൂർ: ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് മൂലം കോടതുരുത്ത് ഗ്രാമപഞ്ചായത്തിലെ ചേരുങ്കൽ പകർച്ചവ്യാധി ഭീഷണിയിൽ. ആഴ്ചകളായി നിറഞ്ഞുകിടക്കുന്ന വെള്ളമുണ്ടാക്കിയ ദുരിതത്തിനു പിന്നാലെയാണ് ജലജന്യരോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടുമെന്ന ഭീതി പരന്നിരിക്കുന്നത്.
കൊച്ചുചങ്ങരം പാടത്തിന്റെ പുറംബണ്ട് സാമൂഹിക വിരുദ്ധർ തകർത്തതിനെത്തുടർന്നാണ് പാടവരമ്പുകളും വീടുകളും വെള്ളത്തിലായത്. കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച വിളിച്ച യോഗത്തിൽ പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ഒരാഴ്ചക്കുള്ളിൽ കൽച്ചിറയുടെ വിള്ളൽ പരിഹരിക്കാമെന്ന് കർഷക സംഘം ഉറപ്പുനൽകിയെങ്കിലും ഫലമുണ്ടായില്ല.
ജലനിരപ്പ് നേരിയതോതിൽ താഴ്ന്നെങ്കിലും ദുരിതത്തിൽനിന്ന് മോചനമായിട്ടില്ല. ആഴ്ചകളായി വീടുകളുടെ മുറ്റത്ത് വെള്ളവും ചളിയും നിറഞ്ഞുകിടക്കുകയാണ്. ഈ വൃത്തിഹീനമായ സാഹചര്യവുമായുള്ള നിരന്തര സമ്പർക്കം തങ്ങളെ രോഗ ബാധിതരാക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനകീയ പ്രതിരോധ സമിതി ചേരുങ്കൽ യൂനിറ്റ് ആവശ്യപ്പെട്ടു.
ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ സമിതി യോഗം തീരുമാനിച്ചു. കെ.കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം ഫ്രാൻസിസ് കളത്തുങ്കൽ, കെ. പ്രതാപൻ, കെ.ഐ. കുഞ്ഞപ്പൻ, കെ.ഐ. കൊച്ചപ്പൻ, കെ. കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.