വേലിയേറ്റം: കായലോരത്തെ വീടുകൾ വെള്ളത്തിൽ
text_fieldsഅരൂക്കുറ്റി: വേലിയേറ്റത്തെ തുടർന്ന് അരൂർ, അരൂക്കുറ്റി പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. കുടപുറം കായലോരത്തെ ഇരുന്നൂറോളം വീടുകൾ വെള്ളത്തിലായി. ഒരു മാസമായി തുടരുന്ന വൃശ്ചികപ്പൊക്കം എന്ന പ്രതിഭാസമാണ് വെള്ളക്കെട്ടിന് കാരണം. ചില വീടുകളുടെ അടുക്കളയിലും മുറിക്കകത്തുംവരെ വെള്ളം കയറിയിട്ടുണ്ട്. എല്ലാ വീടെൻറയും മുറ്റം നിറയെ വെള്ളമാണ്.
പരാതിയുമായി പഞ്ചായത്തിലെ വില്ലേജ് ഓഫിസിൽ ചെന്നാൽ ഇത് എല്ലായിടത്തും ഉള്ളതല്ലേ എന്നാണ് ചോദിക്കുന്നത്. വെള്ളത്തോടൊപ്പം പായലും കയറുന്നുണ്ട്. വെള്ളം ഒഴിഞ്ഞുപോകുമ്പോൾ മുറ്റം നിറയെ ചളിയാകും. ഉപ്പുവെള്ളം കയറുന്നത് വീടുകളുടെ നിലനിൽപ്പിനുതന്നെ അപകടകരമാണ്.
ഭിത്തികളിൽനിന്ന് സിമൻറ് ഇളകി വീടുകൾക്ക് നാശം സംഭവിക്കുന്നുണ്ട്. തീരമേഖലയിലെ മുഴുവൻ വീടുകൾക്കും വെള്ളക്കെട്ട് ബാധിക്കാത്തതുകൊണ്ട് അധികൃതർ ഇത് ഗൗരവമായി കാണുന്നില്ല.
തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെയാണ് വെള്ളപ്പൊക്കം ബാധിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ കായൽക്കരയിലെ ഭിത്തികൾ ഉയരത്തിൽ കെട്ടാനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കിയാൽ മാത്രമേ വെള്ളപ്പൊക്കം തടയാൻ കഴിയൂ. പുതിയ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ഗൗരവമായി എടുക്കണം എന്നാണ് തീരവാസികൾ ആവശ്യപ്പെടുന്നത്. ത്രിതല പഞ്ചായത്തുകൾക്ക് കായൽതീരത്ത് ഭിത്തി കെട്ടുന്നതിന് അനുമതി ലഭിക്കുന്നതിൽ തടസ്സം ഉണ്ടെങ്കിൽ ഇറിഗേഷൻ വകുപ്പിനെ ഇക്കാര്യം ചുമതലപ്പെടുത്താം.
പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇക്കാര്യം അധികൃതരെ ഓർമിപ്പിക്കാൻ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരപരിപാടികൾ നടത്തുമെന്ന് തീരവാസികൾ മുന്നറിയിപ്പ് നൽകി.
അരൂർ, കോടംതുരുത്ത് പഞ്ചായത്തുകളുടെ കായലോര മേഖലയിലെ നൂറിലധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കായൽതീരത്തെ കൽക്കെട്ടുകൾ പലഭാഗത്തും തകർന്നതുമൂലം വെള്ളം ഇരച്ചുകയറുകയാണ്.
തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടറുകൾ അടച്ചതും വെള്ളം കയറുന്നതിന് കാരണമായി. വർഷങ്ങൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പിെൻറ നേതൃത്വത്തിൽ കായൽതീരങ്ങളിൽ കൽക്കെട്ടുകൾ നിർമിച്ചെങ്കിലും കാലപ്പഴക്കത്തിൽ പലയിടങ്ങളിലും തകർന്നു. വെള്ളം ഒഴുകി എത്തുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.