അനധികൃത ഹൗസ്ബോട്ടുകൾ കണ്ടെത്താൻ മൊബൈൽ ആപ്; ഹോളോഗ്രാം നമ്പർ
text_fieldsആലപ്പുഴ: കായൽ വിനോദ സഞ്ചാരത്തിന്റെ മറവിൽ ലൈസൻസില്ലാതെ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകൾ കണ്ടെത്താൻ തുറമുഖ വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പും ഹോളോഗ്രാം നമ്പർ പ്ലേറ്റും. കോവിഡ് പ്രതിസന്ധിയിൽ രണ്ടുവർഷമായി നിശ്ചലമായ ടൂറിസം മേഖലയിൽ കാര്യമായ പരിശോധനകളുണ്ടായിരുന്നില്ല. ഈ ഘട്ടത്തിൽ അനധികൃത സർവിസ് നടത്തുന്ന ഹൗസ് ബോട്ടുകൾ കണ്ടെത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ഇത് ഒഴിവാക്കാൻ ജി.പി.എസ് സഹായത്തോടെയാണ് മൊബൈൽ ആപ് രൂപപ്പെടുത്തുന്നത്. തുടക്കത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പദ്ധതികൾ നടപ്പാക്കുക.
വേമ്പനാട്ടുകായലിൽ സർവിസ് നടത്തുന്ന 1500ലധികം ഹൗസ്ബോട്ടുകളും രജിസ്ട്രേഷൻ ഇല്ലാതെയാണ് സർവിസ് നടത്തുന്നത്. ഇവയിൽ ഹോളോഗ്രാം നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പ്രാരംഭ നടപടിയായിട്ടുണ്ട്.
കെ.ഐ.വി എന്ന് തുടങ്ങുന്നതാണ് നമ്പർ. ജില്ല, രജിസ്റ്റർ ചെയ്ത സ്ഥലത്തിന്റെ കോഡ്, വർഷം എന്നിവയുമുണ്ടാകും. ഇതിനൊപ്പമുള്ള ബാർകോഡ് സ്കാൻ ചെയ്താൽ ബോട്ടിന്റെ ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം ഉടമയുടെയും ജീവനക്കാരുടെയും വിവരങ്ങളുമുണ്ടാകും. മൊബൈൽ ആപ്പിൽ നമ്പർ നൽകിയാൽ ബോട്ടിൽ ബീക്കൺ ലൈറ്റ് തെളിയും. രജിസ്റ്റർ ചെയ്ത ഹൗസ്ബോട്ടുകളുടെ നമ്പർ അടക്കമുള്ള വിവരങ്ങൾ ആപ്പിലുണ്ടാകും. രണ്ടാംഘട്ടത്തിൽ ശിക്കാര അടക്കമുള്ള ചെറുബോട്ടുകളിലും നമ്പർപ്ലേറ്റുകൾ സ്ഥാപിക്കും. അതേസമയം, ആലപ്പുഴയിലും കോട്ടയത്തുമായി എത്ര ബോട്ടുകൾ സർവിസ് നടത്തുന്നുവെന്ന കാര്യത്തിൽ സർക്കാറിന് കൃത്യമായ കണക്കില്ല.
ലൈസന്‍സില്ലാത്ത സർവിസ് നടത്തുന്ന ബോട്ടുകള്‍ പരിശോധിക്കാനും തടയാനും സംവിധാനങ്ങളില്ലാത്തതാണ് പ്രധാന തടസ്സം. ലൈസന്‍സും നിബന്ധനകള്‍ പാലിക്കാതെയും സര്‍വിസ് നടത്തുന്ന ബോട്ടുകള്‍ കായലില്‍ ചെന്ന് പരിശോധിക്കാനും പിടികൂടാനും സംവിധാനം ഇപ്പോഴുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.