മെഡിക്കല്‍ കോളജില്‍ മൃതദേഹം വിട്ടുനല്‍കാന്‍ പ്രത്യേക നടപടിക്രമം
text_fieldsആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിലെ കൊറോണ ട്രയാജിൽ ആംബുലൻസിൽ വരുന്ന രോഗികളെ എത്രയും വേഗം ട്രയാജിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് നടപടികളായി. ഇതിനായി ജീവനക്കാരെ ചുമതലപ്പെടുത്തി. ഇവർ 24 മണിക്കൂറും ജോലിയില്‍ ഉണ്ടാകും. മെഡിക്കല്‍ കോളജില്‍ സൂപ്രണ്ട് ഡോ.വി. രാംലാലിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
എന്തെങ്കിലും കാരണത്താല്‍ ഓക്സിജൻ കുറവ് കാണുന്ന പക്ഷം ട്രയാജിൽ തന്നെ ഓക്സിജൻ തെറാപ്പി നൽകണം ഇതിനായി സജ്ജീകരിച്ചിരിക്കുന്ന ട്രാൻസ്പോർട്ട് വെൻറിലേറ്ററിൽ ഘടിപ്പിക്കുകയും ചെയ്യണം. ഇതിന് പുറമേ ഓക്സിജൻ കോൺസെൻട്രേറ്ററുകളും സജ്ജീകരിക്കും. ട്രയാജിൽ രോഗികളെ വാർഡുകളിലേക്ക് കൊണ്ട് പോകാനും ഓക്സിജൻ സിലിണ്ടറുകൾ കൈകാര്യം ചെയ്യാനും രണ്ടുജീവനക്കാരെ 24 മണിക്കൂറും നിയമിക്കും. ഒന്നാം വാർഡിെൻറ ഓക്സിജൻ പൈപ്പ് ലൈൻ പൂർത്തിയാകുന്ന മുറക്ക് ട്രയാജ് സൗകര്യം വിപുലപ്പെടുത്തും.
മരണം തീർച്ചപ്പെടുത്തിയത് മുതൽ മൂന്നു മണിക്കൂറിനുള്ളിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയോ മാറ്റുകയോ ചെയ്യും. മെഡിക്കോ ലീഗൽ അല്ലാത്ത മരണങ്ങൾ കോവിഡ് ഔട്ടിൽ ഉള്ള ജെ.ആർ. സാക്ഷ്യപ്പെടുത്തും. രോഗികളുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വരുമ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സത്യവാങ്മൂലം വെള്ളപേപ്പറിൽ എഴുതി നൽകാനും തിരിച്ചറിയൽ കാർഡ് കോപ്പി എടുക്കാൻ കഴിയുന്നില്ലെങ്കിൽ ഡ്യൂട്ടിയിൽ ഉള്ള സെക്യൂരിറ്റി സൂപ്പർവൈസറുടെ മൊബൈലിലേക്ക് ഡിജിറ്റൽ ആയി സ്വീകരിക്കാനും ദിവസം കോപ്പി ആക്കി ഫയലിൽ സൂക്ഷിക്കാനും നിർദേശിച്ചു.
രോഗികളുടെ ആഭരണങ്ങൾ ഊരിമാറ്റാൻ ഉണ്ടെങ്കിൽ അത് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ ആയിരിക്കണം. അത് കൃത്യമായി പ്രോപ്പർട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി നഴ്സിങ് സൂപ്രണ്ടിനെയും മെഡിക്കൽ സൂപ്രണ്ടിനെയും അറിയിക്കണമെന്നും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.