ഇന്ന് ആത്മഹത്യ പ്രതിരോധദിനം: ആളുണ്ട് കേൾക്കാൻ; തളരരുത്
text_fieldsആലപ്പുഴ: കുട്ടികൾക്കിടയിലുണ്ടാകുന്ന ആത്മഹത്യപ്രവണത ഏറെ ആശങ്കാജനകമാണ്. ജീവനൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. 15നും 20നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യനിരക്ക്. പരീക്ഷാപരാജയം മുതൽ കുടുംബബന്ധങ്ങളിലെ വിള്ളലും സമ്മർദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
കുട്ടികളുടെ വിഷമങ്ങൾ മനസ്സിലാക്കി അവ തുറന്ന് ചർച്ചചെയ്യാനും പങ്കുവെക്കാനുമുള്ള സാഹചര്യമുണ്ടാക്കണം. ഏകാഗ്രതയില്ലായ്മ, സകലതിലും പ്രതീക്ഷ നഷ്ടമാവുക, ഒന്നിലും സന്തോഷം കണ്ടെത്താനാവാതെ വരുക, അമിതമായ സ്വയംവിമര്ശനം തുടങ്ങിയ ലക്ഷണങ്ങൾ വിഷാദരോഗത്തിലേക്ക് നയിക്കുന്നു. ഇതുമൂലം അവരിൽ എടുത്തുചാട്ടം, മുൻകോപം, ഒന്നിലും ശുഭാപ്തിവിശ്വാസമില്ലായ്മ എന്നിവക്ക് കാരണമാകുന്നു. അത് ക്രമേണ ആത്മഹത്യയിലേക്കും. വീട്ടിലെ വഴക്ക്, പ്രണയനൈരാശ്യം, പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ, ലഹരി ഉപയോഗത്തിൽ വഴക്കുപറഞ്ഞാൽ ചിലർക്ക് മനോവിഷമമുണ്ടാകും.
അത് ടീച്ചറോടും മാതാപിതാക്കളോടും തുറന്നുപറയണം. മോശമായി പെരുമാറിയാൽ ‘നോ’ എന്ന് സധൈര്യം പറയാനും സുരക്ഷിതമായി അഭയംതേടാനും വിശ്വസ്തരായവരോട് കാര്യങ്ങൾ തുറന്നുപറയാനും അവരെ പ്രാപ്തരാക്കണം. ഇത്തരം ഭീഷണികൾ അവരിൽ മാനസികസമ്മർദം, അകാരണമായ ദേഷ്യം, പെട്ടെന്നുള്ള പെരുമാറ്റ വൈകല്യങ്ങൾ എന്നിവക്ക് കാരണമാകും. ഈഘട്ടത്തിൽ മതിയായ പരിചരണം, കൗൺസലിങ് എന്നിവയാണ് വേണ്ടത്. ഏത് സഹായത്തിനും ഏത് സമയത്തും 112 വിളിക്കാം. കുട്ടികളുടെ മാനസികസമ്മർദം ലഘൂകരിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം തേടാനും ചിരി ഹെൽപ് ലൈൻ സഹായവും തേടാം. 9497900200.
വെല്ലുവിളികൾ എന്തെല്ലാം
ജീവിതത്തിൽ പലതരം വെല്ലുവിളികൾ കുട്ടികൾ നേരിടേണ്ടി വരും. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ മുതൽ മാറിയ സാമൂഹിക സാഹചര്യങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത് കുട്ടികളുടെ മാനസിക വികാസത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. കുട്ടികൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും വളരാനുള്ള സാഹചര്യം ഒരുക്കലാണ് അതിൽ പ്രധാനം. സമൂഹമാധ്യമം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ അതിപ്രസരമാണ് പ്രധാനവെല്ലുവിളി. മൊബൈൽ, ടി.വി, ലാപ്ടോപ്, വിഡിയോഗെയിം എന്നിങ്ങനെ വിവിധങ്ങളായ സ്ക്രീനുകളിലേക്ക് കുട്ടികൾ ചുരുങ്ങിപ്പോവുകയാണ്. ഇതുമൂലം ശാരീരികപ്രവർത്തനങ്ങൾ കുറയുക, മതിയായ ഉറക്കം ഇല്ലാതെ ഇരിക്കുക, സൈബർ ബുള്ളിയിങ്, പ്രായത്തിന് അനുസൃതം അല്ലാത്ത ആശയങ്ങൾ തേടിയെത്തുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. കുട്ടികളെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്നങ്ങളും വിഷമതകളും എന്താണെന്ന് മനസ്സിലാക്കി അവരെ കുറ്റപ്പെടുത്താതെ സംഘർഷങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും വേണം. അവര് തനിച്ചല്ലെന്ന് അവർക്ക് ബോധ്യപ്പെടണം. അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കി അവരുടെ വിഷമങ്ങള് ലഘൂകരിക്കണം.
ഇനി സ്കൂളുകളിലേക്ക് ‘കരുതലോടെ കൂടൊരുക്കാം’
കുട്ടികളിലെ ആത്മഹത്യ പ്രേരണക്കെതിരെ സ്കൂളുകളിലേക്ക് നവീന പദ്ധതിയുമായ ജില്ല പഞ്ചായത്ത്. ‘കരുതലോടെ കൂടൊരുക്കാം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായാണ് പരിപാടി. ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജില്ല സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, എൻ.സി.സി, എൻ.എസ്.എസ് എന്നിവരുടെ പങ്കാളിത്തത്തോടെ ജില്ലയിലെ മുഴുവൻ സ്കൂളിലും പദ്ധതി നടപ്പാക്കും. ഈമാസം 18ന് അമ്പലപ്പുഴ ഗവ. മോഡൽ സ്കൂളിൽ ജില്ലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിക്കും. കുട്ടികൾക്ക് വിദഗ്ധരായ സൈക്കോളജിസ്റ്റുകളുമായി അവരുടെ ആകുലതകൾ പങ്കുവെക്കാനുള്ള അവസരമൊരുക്കും. ഇതിനൊപ്പം ബോധവത്കരണ പരിപാടികളും ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികളും സ്വീകരിക്കും. സ്കൂളുകളിൽ പ്രചാരണ വിഡിയോയുടെ പ്രദർശനവുമുണ്ടാകും.
പ്രചാരണ വിഡിയോക്ക് പൊലീസിന്റെ കൈയൊപ്പ്
കുട്ടികളുടെ ആത്മഹത്യ പ്രവണതയെ ചെറുക്കാൻ ജില്ല പഞ്ചായത്ത് സ്കുളുകളിൽ നടപ്പാക്കുന്ന ‘കരുതലോടെ കൂടൊരുക്കാം’ പദ്ധതിയുടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണ വിഡിയോക്ക് പൊലീസിന്റെ കൈയൊപ്പ്. ജില്ല സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് അസി. നോഡൽ ഓഫിസർ എം.എസ്. അസ്ലം എഴുതിയ ഗാനമാണ് കുട്ടികളുടെ മനസ്സിലേക്ക് പതിയുന്നത്. സമൂഹമാധ്യമത്തിലൂടെയും ക്ലാസ് മുറികളിലൂടെയും ലക്ഷ്യമിട്ടുള്ള ബോധവത്കരണത്തിന് പ്രചാരമേകാൻ നാല് മിനിറ്റുള്ള വിഡിയോ നൃത്തരൂപത്തിലാണ് തയാറാക്കിയിരിക്കുന്നത്. ‘എന്തിനുടക്കുന്നു ദാനമായി കിട്ടിയ ജീവനാംമിന്നുന്ന ചില്ലുപാത്രം... എന്തിനൊളിക്കുന്നു ഇന്നുനിന്നാത്മാവിൽ നൊമ്പരം പൂക്കുന്ന ചില്ലമാത്രം...
ഈ വരികളിലൂടെ നൊമ്പരപ്പെടുത്തുന്ന സങ്കടങ്ങൾ ആരോടെങ്കിലും പങ്കുവെച്ചാൽ ആത്മഹത്യപോലുള്ള മഹാപാതകം ഇല്ലാതാക്കാമെന്നും തച്ചുടക്കേണ്ടത് സ്വന്തംജീവിതമല്ല, പ്രശ്നങ്ങളെയാണെന്ന സന്ദേശം നൽകുന്നു. ഹൃദയസ്പർശിയായ പാട്ട് കോട്ടയം സ്വദേശിനിയും ബിരുദ വിദ്യാർഥിയുമായ ആർ. അനന്തലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂളിലെ പ്ലസ് ടു വിദ്യാർഥി തേജാലക്ഷ്മിയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. നൃത്തരൂപത്തിൽ വിദ്യാർഥികളിലേക്ക് അവബോധം പകരുന്ന വിഡിയോ സമൂഹമാധ്യമം വഴിയാണ് പ്രചരിപ്പിക്കുന്നത്.
കലക്ടർ ഹരിത വി. കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എം.വി. പ്രിയ എന്നിവരുടെ പിന്തുണയും സഹായവുമുണ്ട്. ബിജുമേനോൻ നായകനായ സാൾട്ട് മാംഗോ ട്രീ സിനിമയിൽ കാറ്റുമേൽ അഞ്ചാറ്... എന്ന പാട്ടിന്റെ രചനയും അസ്ലമാണ് നിർവഹിച്ചത്. സ്റ്റുഡന്റ് പൊലീസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണ ഉൾപ്പെടെയുള്ള കൗമാര ആകുതലകൾ തിരിച്ചറിയാണ് നൃത്താവിഷ്കാരത്തിന്റെ പിറവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.