കായലുകളും ചെറുദ്വീപുകളും സുലഭം; വിനോദസഞ്ചാരം പാണാവള്ളിക്ക് വികസനപാത
text_fieldsപാണാവള്ളി (ആലപ്പുഴ): കായൽ ചുറ്റിക്കിടക്കുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന് കായൽ വിനോദസഞ്ചാരം പുത്തൻ വികസന പാത ഒരുക്കും. ജലവിനോദസഞ്ചാര സാധ്യതകൾ ഭരണസമിതി തിരിച്ചറിഞ്ഞിട്ടുമുണ്ട്. സമീപിക്കുന്ന ചെറുകിട സ്വകാര്യ സംരംഭകരെ സഹായിക്കാനും പഞ്ചായത്ത് തയാറാകും. ഭരണകക്ഷിയായ ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ ഉത്തരവാദ ടൂറിസം വികസിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തദ്ദേശീയർ കൂടി ഉൾപ്പെട്ട സംരംഭത്തിന് പഞ്ചായത്ത് ഭരണസമിതി സഹായിക്കാൻ പദ്ധതിയുണ്ട്. ഉൾനാടൻ കായൽ വിനോദസഞ്ചാരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നത്.
കായലിലേക്ക് ഒഴുക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യുക, എല്ലാ കായൽ മാലിന്യത്തിനെതിരെ കുട്ടികളെ ബോധവത്കരിക്കുക, എന്തും കായലിലേക്ക് വലിച്ചെറിയാനുള്ള ആളുകളുടെ മനോഭാവം തിരുത്തുക, പരമാവധി മാലിന്യം ഇല്ലാതാകുന്ന കായലിലൂടെ ഒഴുകുന്ന വിനോദസഞ്ചാരികൾക്ക് ഗ്രാമീണ കാഴ്ചകൾ തനിമയോടെ കാട്ടിക്കൊടുക്കുക, കയർപിരി, ഓല മെടയൽ, തെങ്ങ് ചെത്ത്, മീൻ പിടിക്കൽ, പാചകം എന്നിവ കോർത്തിണക്കി ഗ്രാമീണാന്തരീക്ഷം ഉണ്ടാക്കുകയാവും ലക്ഷ്യം.
വിശാലമായ കായൽ പരപ്പുകൾ മാത്രം അല്ല ഇടുങ്ങിയ ഊടുപുഴ പോലെയുള്ള കായലുകളും അഞ്ചുതുരുത്ത് പോലുള്ള ചെറു ദ്വീപുകളും പാണാവള്ളിയിൽ സുലഭമാണ്. പൂച്ചാക്കൽ തോടിനെക്കൂടി ഉൾപ്പെടുത്തിയാൽ ഗ്രാമീണ ജീവിതത്തിെൻറ നേർക്കാഴ്ചകൾ സുലഭം. ആവശ്യമെങ്കിൽ ചെറിയ വള്ളങ്ങളും മോട്ടോർ ഘടിപ്പിക്കാത്ത ഹൗസ് ബോട്ടുകളും വാങ്ങുമെന്നും പാണാവള്ളിയിലെ ഇടത് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.