പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്ബോട്ട് ജീവനക്കാരനും ഏറ്റുമുട്ടി
text_fieldsആലപ്പുഴ: പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്ബോട്ട് ജീവനക്കാരനും ഏറ്റുമുട്ടി. പരിക്കേറ്റ ഹൗസ് ബോട്ട് ജീവനക്കാരൻ ആലപ്പുഴ പൊങ്ങ സ്വദേശി ആന്റണി ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ 9.45നാണ് സംഭവം. ചെന്നൈയിൽനിന്ന് എത്തിയ 40 അംഗസംഘം ഹൗസ്ബോട്ടിൽ കായൽയാത്ര കഴിഞ്ഞ് പുന്നമട ഫിനിഷിങ് പോയന്റിലെത്തി. കരയിൽ അടുപ്പിച്ച ബോട്ടിൽനിന്ന് തിരിച്ചിറങ്ങാൻ വഴിയില്ലാത്തതിനാൽ സമീപത്തുകിടന്ന ബോട്ടിലൂടെ കയറിയാണ് പുറത്തേക്ക് ഇറങ്ങിയത്.
സഞ്ചാരികളെ കാത്തുകിടന്ന ബോട്ടിൽ ചെരുപ്പ് ഉപയോഗിച്ച് നടക്കരുതെന്ന് ഹൗസ്ബോട്ടിലെ ജീവനക്കാർ പറഞ്ഞു.യാത്രകഴിഞ്ഞ 38പേരും ചെരുപ്പ് കൈയിൽപിടിച്ച് പുറത്തേക്ക് ഇറങ്ങി.രണ്ടുപേർ ഷൂധരിച്ച് എത്തിയതോടെ ഇത് ചോദ്യംചെയ്തു. തുടർന്ന് ജീവനക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ആന്റണിക്ക് പരിക്കേറ്റത്. വിനോദസഞ്ചാരികള്‍ക്ക് പരിക്കില്ല. സി.ഐ.ടി.യു യൂനിയൻ വിഷയത്തിൽ ഇടപെട്ട് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാരികളെ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയായി.
മറ്റ് ബോട്ടുകളിലെ ജീവനക്കാരും എത്തിയിരുന്നു. തുടർന്ന് ടൂറിസം പൊലീസ് ഇടപെട്ടു. വിനോദസഞ്ചാരികളെയും തൊഴിലാളി സംഘടന പ്രതിനിധികളെയും നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.