ഹൗസ്ബോട്ട് ദുരന്തം നടുക്കം മാറാതെ സഞ്ചാരികൾ
text_fieldsആലപ്പുഴ: ഹൗസ്ബോട്ട് മുങ്ങിയതിന്‍റെയും സഹായത്തിനെത്തിയ മുങ്ങൽ വിദഗ്ധൻ മുങ്ങി മരിച്ചതിന്‍റെയും ഞെട്ടൽ മാറാതെ സഞ്ചാരികൾ. ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ തമിഴ്നാട്ടിൽനിന്ന് എത്തിയ ലോഗേഷ്, ഹരി, പ്രേമൻ എന്നിവർക്ക് സംഭവത്തെക്കുറിച്ച് പറയുമ്പോൾ ഭീതി വിട്ടുമാറുന്നില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാർത്തിക ഒറ്റമുറി ഹൗസ്ബോട്ടിൽ കറങ്ങാനിറങ്ങിയത്. രാത്രി കന്നിട്ട ജെട്ടിക്ക് സമീപം നിർത്തിയിട്ട ശേഷമാണ് ഇവർ കിടന്നുറങ്ങിയത്.
പുലർച്ച അഞ്ചിന് ബോട്ടിന്‍റെ ഡ്യൂം തകർന്ന് അകത്തേക്ക് കയറിയ വെള്ളം കട്ടിലിന്‍റെ സമീപമെത്തിയപ്പോൾ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ വില്യമിന്‍റെ സഹായത്തോടെ ജീവൻരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കരക്കെത്തിയത്. അപ്പോഴാണ് മണിക്കൂറുകൾ സഞ്ചരിച്ച ബോട്ട് കൺമുന്നിൽ മുങ്ങിത്താഴ്ന്നത്. പിന്നീട് വിലകൂടിയ ഇവരുടെ ഫോണും വസ്ത്രങ്ങളും മറ്റ്സാധനങ്ങളും ഉൾക്കൊള്ളുന്ന ബാഗുകൾ തിരിച്ചുകിട്ടാനുള്ള ശ്രമം നടത്തി. ഇതിനായി വാഹനങ്ങൾ എത്താൻ പ്രയാസമുള്ള കന്നിട്ട ജെട്ടിയുടെ തെക്കുഭാഗത്ത് മണിക്കൂറുകളോളം തങ്ങി.
ഏങ്ങനെ നാട്ടിൽ മടങ്ങുമെന്ന ആശങ്കയുമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് ഹൗസ്ബോട്ടുകൾ മുങ്ങുമ്പോൾ എപ്പോഴും ഓടിയെത്താറുള്ള മുങ്ങൽ വിദ്ഗധൻ പ്രസന്നന്‍റെ സഹായം തേടിയത്.
ബോട്ടിന്‍റെ അകത്തുകടന്ന് അതിസാഹസികമായി ഒരുബാഗ് പുറത്തെടുത്തു. മറ്റ് സാധനങ്ങൾകൂടി എടുത്തുവരാമെന്ന് പറഞ്ഞ് മുങ്ങിയ പ്രസന്നനെ കാണാതായി. ബോട്ട് മുങ്ങിയതിന് പിന്നാലെ സഹായിക്കാനെത്തിയ ആൾകൂടി പോയതോടെ മൂവരും പകച്ചുപോയി. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ ചേതനയറ്റ പ്രസന്നന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.