ഗതാഗതക്കുരുക്ക്: എ.സി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം
text_fieldsആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായ എ.സി റോഡിൽ കലക്ടറുടെ ഉത്തരവ് പാലിക്കുന്നില്ലെന്ന 'മാധ്യമം' വാർത്തയെത്തുടർന്നാണ് നടപടി.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപെട്ട് കെ.എസ്.ആർ.ടി.സി സർവിസുകൾ നിലച്ചതോടെയാണ് നടപടി. കളര്‍കോട് മുതല്‍ പെരുന്ന വരെയുള്ള റോഡിലൂടെ ചരക്കുവാഹനങ്ങളുടെയും ദീര്‍ഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കൊയ്ത്തുയന്ത്രങ്ങള്‍ കയറ്റിയ വാഹനങ്ങള്‍, നെല്ല് കയറ്റിപോകുന്ന വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി നിയന്ത്രണവിധേയമായി എണ്ണം കുറച്ചും ചെറിയ ബസുകള്‍ ഉപയോഗിച്ചും സര്‍വിസ് നടത്തും. കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വിസുകളും ചരക്കുവാഹനങ്ങളും മറ്റ് ദീര്‍ഘദൂര വാഹനങ്ങളും അമ്പലപ്പുഴ-തിരുവല്ല റോഡ് വഴി പോകണം.
എ.സി റോഡിലേക്ക് വരേണ്ട ചരക്കുവാഹനങ്ങള്‍ പെരുന്ന-പൂവം (മേപ്രാല്‍ റോഡ്) വഴിയും പെരുന്ന-ഇടഞ്ഞില്ലം-വേങ്ങല്‍- അഴിയിടത്തുചിറ-മേപ്രാല്‍-പൂവം വഴിയും പെരുന്ന-കിടങ്ങറ തെക്ക് ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ പെരുന്ന-മുത്തൂര്‍ ജങ്ഷന്, പൊടിയാടി-ചക്കുളത്തുകാവ് റോഡ് വഴിയും വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ പെരുന്ന-ചങ്ങനാശ്ശേരി ജങ്ഷന്-കുമരങ്കരി- കിടങ്ങറ വഴിയും കിടങ്ങറ-മാമ്പുഴക്കരി ഭാഗത്തേക്കുള്ളവ കിടങ്ങറ-മുട്ടാര്‍-ചക്കുളത്തുകാവ്-തലവടി-മിത്രക്കരി-മാമ്പുഴക്കരി വഴിയും പോകണം. മാമ്പുഴക്കരി-വേഴപ്ര ഭാഗത്തേക്കുള്ളവ മിത്രക്കരി-ചങ്ങങ്കരി-തായങ്കരി- വേഴപ്ര വഴി പോകണം.
വേഴപ്ര-മങ്കൊമ്പ് ഭാഗത്തേക്കുളവ തായങ്കരി- ചമ്പക്കുളം-മങ്കൊമ്പ് വഴിയും കിടങ്ങറ-മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന് ഭാഗത്തേക്കുള്ളവ വെളിയനാട്-പുളിങ്കുന്ന്-മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന് വഴിയും മങ്കൊമ്പ്-പൂപ്പള്ളി ഭാഗത്തേക്കുള്ളവ മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി വഴിയും പൂപ്പള്ളി-കളര്‍കോട് ഭാഗത്തേക്കുള്ളവ പൂപ്പള്ളി-ചമ്പക്കുളം-വൈശ്യംഭാഗം-എസ്.എന്‍ കവല-കളര്‍കോട് വഴിയും പോകണം. ബസുകൾക്ക് കൂടുതൽ ഇളവ് ഏർപ്പെടുത്തിയതിന്റെ മറവിൽ വലിയ വാഹനങ്ങളും ചരക്കുവാഹനങ്ങളും അനധികൃതമായി എത്തുന്നതാണ് വലിയകുരുക്കിന് ഇടയാക്കിയത്. ഇത് തടയാൻ പൊലീസിന്റെ സാന്നിധ്യമില്ലാത്തതും തലവേദന സൃഷ്ടിക്കുന്നു.
നിലവിൽ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളാണ് രാപ്പകൽ ഗതാഗതം നിയന്ത്രിക്കുന്നത്. ഇവരുടെ നിർദേശങ്ങൾ പാലിക്കാതെയാണ് വാഹനങ്ങളുടെ തള്ളിക്കയറ്റം. ഗതാഗതം കർശനമായി നിയന്ത്രിക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതരും കലക്ടർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.