ട്രെയിൻ യാത്രക്കാർക്ക് ‘ദുരിത സീസൺ’; ആലപ്പുഴ പാതയിൽ ‘നിന്നുതിരിയാൻ’ ഇടമില്ല
text_fieldsആലപ്പുഴ: തീരദേശപാതയായ ആലപ്പുഴ-എറണാകുളം റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതയാത്രക്ക് അയവില്ല. കാലുകുത്താൻ പോലും ഇടമില്ലാതെ നിന്നാണ് പലരുടെയും ദിനേനയുള്ള യാത്ര. രാവിലെയും വൈകീട്ടും ജോലിക്കും പഠനത്തിനുമായി തീരദേശപാതയിലൂടെയുള്ള ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് ഏറെയും. ദേശീയപാതയിൽ അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ആരംഭിച്ചത് മുതൽ റോഡുമാർഗം എത്തിയിരുന്നവർപോലും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.
പല ട്രെയിനുകളിലും ഉൾക്കൊള്ളാനാവാത്തവിധമാണ് യാത്രക്കാർ കയറുന്നത്. ഇത്രയും തിങ്ങി നിറഞ്ഞ ട്രെയിനുകൾ വന്ദേഭാരതിനുവേണ്ടി അരമണിക്കൂറിലേറെ പിടിച്ചിടുമ്പോൾ ദുരിതം ഇരട്ടിയാവും.
പലതവണ ട്രെയിൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതിയും ധർണയും പ്രതിഷേധവുമൊക്കെ നടത്തിയിട്ടും മനുഷ്യരാണെന്ന പരിഗണനപോലും കിട്ടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
വലിയ കരഘോഷത്തോടെയാണ് ആലപ്പുഴ വഴി വന്ദേഭാരത് എക്സ്പ്രസ് തുടങ്ങിയത്. അതിന്റെ പേരിൽ ദുരിതം വർധിച്ചപ്പോൾ പ്രതിഷേധിച്ച യാത്രക്കാരെ വെല്ലുവിളിച്ചായിരുന്നു റെയിൽവേയുടെ പ്രതികാരം. ജനങ്ങൾക്ക് വേണ്ടെങ്കിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നായിരുന്നു പ്രധാനഭീഷണി. അത് കേട്ടതോടെ ജനപ്രതിനിധികളടക്കം വിഷയത്തിൽനിന്ന് പിന്മാറിയതോടെ പ്രതിഷേധക്കാരും ഉൾവലിഞ്ഞു.
‘യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം വഴി കൊല്ലം-എറണാകുളം പുതിയ മെമു സർവിസ് തുടങ്ങിയതോടെയാണ് തീരദേശത്തെ യാത്രക്കാരുടെ ദുരിതം വീണ്ടും തലപൊക്കിയത്. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് യാത്രക്കാരുടെ തീരുമാനം.
‘മടക്കയാത്ര’യിൽ ദുരിതം ഇരട്ടി
മടക്കയാത്രയിലും ഇരട്ടി ദുരിതം. വൈകീട്ട് നാലിനുള്ള എറണാകുളം-ആലപ്പുഴ പാസഞ്ചറും (06015), 4.20നുള്ള എറനാട് എക്സ്പ്രസും (16605) കഴിഞ്ഞാൽ പിന്നെ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് 6.25നുള്ള എറണാകുളം-കായംകുളം പാസഞ്ചറാണ് (06451). നേരത്തെ ആറിന് പുറപ്പെട്ടിരുന്ന ഈ ട്രെയിനിന്റെ സമയമാറ്റമാണ് ആളുകളെ വലക്കുന്നത്.
വന്ദേ ഭാരതിന്റെ വരവോടെയാണിത്. 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്. പിന്നീട് യാത്രക്കാർക്ക് സഹായകമാകുമെന്ന വാഗ്ദാനത്തോടെയാണ് ട്രെയിനിന്റെ സമയം 6.25 ആക്കിയത്.
കുമ്പളം, തുറവൂർ, ചേർത്തല, മാരാരിക്കുളം എന്നിവിടങ്ങളിൽ ക്രോസിങ്ങുമുണ്ട്. ഇത് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പലതവണ പരാതി നൽകിയിട്ടുണ്ട്. പലദിവസങ്ങളിലും ട്രെയിൻ ആലപ്പുഴയിലെത്തുമ്പോൾ 8.30 കഴിയാറുണ്ട്. കായംകുളത്ത് എത്തുമ്പോൾ 9.30 കഴിയും. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം ആയിരങ്ങളാണ് എറണാകുളം-കായംകുളം പാസഞ്ചറിനെ ആശ്രയിക്കുന്നത്.
തീരദേശപാതയിൽ പുതിയ ട്രെയിൻ വേണം -എം.പി
ആലപ്പുഴ: തീരദേശപാത വഴിയുള്ള ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി, ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു. കോഴിക്കേട്ടേക്കുള്ള ജനശതാബ്ദിക്ക് പിന്നാലെ കൊല്ലത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കണം. ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ ആലപ്പുഴയില്‍നിന്ന് രാവിലെ 7.25ന് പുറപ്പെടുന്ന മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 16 ആക്കണം. വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകാൻ എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി 30 മിനിറ്റോളം കുമ്പളം സ്റ്റേഷനിൽ പിടിച്ചുന്നത് കാരണം സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ്. ഇതിന് പരിഹാരം കാണണം. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസിൽ ജനറല്‍കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പൊറുതിമുട്ടി’ യാത്രക്കാർ
തീരദേശപാതയിൽ രാവിലെ ആറിന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസാണ് (13352) യാത്രക്കാർ ആദ്യം ആശ്രയിക്കുന്ന ട്രെയിൻ. ഇതിൽ ആകെ രണ്ട് മുതൽ മൂന്ന് ജനറൽ കോച്ചുകളാണുള്ളത്. ആലപ്പുഴയിൽ നിന്ന് തന്നെ ഇത് നിറഞ്ഞിരിക്കും. ഹരിപ്പാട്, അമ്പലപ്പുഴ പ്രദേശങ്ങളിലെ സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന പുലർച്ചയുള്ള ഏകട്രെയിനാണ് എറനാട് എക്സ്പ്രസ് (16606). സമയക്രമം പലപ്പോഴും പാലിക്കാതെയാണ് ഓട്ടം.
ആലപ്പുഴയിൽനിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടാൻ വൈകിയാലും ആലപ്പുഴയിൽനിന്ന് കായംകുളം ഭാഗത്തേക്ക് എത്തുന്ന രണ്ട് ട്രെയിനുകളുടെ ക്രോസിങ്ങും കൂടി കഴിഞ്ഞാണ് ഏറനാട് പലപ്പോഴും ആലപ്പുഴയിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് 3.45ന് പുറപ്പെടുന്ന ട്രെയിൻ 5.30ന് ഹരിപ്പാട് എത്തുമ്പോൾ തന്നെ നിറയും.
7.25നുള്ള ആലപ്പുഴ-എറണാകുളം മെമുവിന്റെ (06016) യാത്രയും തിങ്ങിനിറഞ്ഞാണ്. എട്ട് കോച്ചുകൾ മാത്രമുള്ള മെമുവിലെ തിരക്ക് വിവരണാതീതമാണ്. വാതിലിലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചാണ് സ്ത്രീകൾ അടക്കമുള്ളവരുടെ യാത്ര.
ഏങ്ങുമെത്താതെ പാതയിരട്ടിപ്പിക്കൽ
ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ റെയിൽപാതയിൽ ഇരട്ടിപ്പിക്കൽ എപ്പോൾ പൂർത്തിയാകുമെന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള തീരദേശപാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയാൽ മാത്രമേ ദുരിതത്തിന് ശമനമുണ്ടാകൂ. കൂടുതൽ ട്രെയിനുകൾ ഓടുന്നതുവരെ ജില്ലയിലെ ട്രെയിൻയാത്ര ദുരിതം തുടരും. ദുരിതം കുറക്കാൻ സഹായിക്കുന്ന വിധം കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് പലതവണ റെയിൽവേക്ക് അപേക്ഷ നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. നിലവിൽ കുമ്പളം-തുറവൂർ ഭാഗത്ത് സ്ഥലമേറ്റെടുക്കുന്നുണ്ടെങ്കിലും തുറവൂർ-അമ്പലപ്പുഴ ഭാഗത്ത് ഇരട്ടിപ്പിക്കൽ ഇഴയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.