എ.സി റോഡിൽ രണ്ട് മേൽപാലങ്ങൾ തുറന്നു; കുട്ടനാട്ടുകാർക്ക് ആശ്വാസം
text_fieldsആലപ്പുഴ: നിർമാണം അവസാനഘട്ടത്തിലെത്തിയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ രണ്ട് മേൽപാലം ഗതാഗതത്തിന് തുറന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ പാലം തുറന്നത് കുട്ടനാട്ടുകാർക്ക് നേരിയ ആശ്വാസമാണ്. സ്കൂൾ തുറക്കുംമുമ്പ് മങ്കൊമ്പിലെ മൂന്നാമത്തെ മേൽപാലവും തുറക്കും.
ജ്യോതി, നസ്രത്ത് ജങ്ഷനിലെ മേൽപാലങ്ങളാണ് തുറന്നത്. പൊങ്ങ ജ്യോതി ജങ്ഷനിലെ കുരിശടിക്ക് മുന്നിൽ ആരംഭിച്ച് പാറശേരി പാലത്തിൽ സമാപിക്കുന്ന ജ്യോതി മേൽപാലത്തിനും നസ്രത്ത് ജങ്ഷനിൽനിന്ന് തുടങ്ങുന്ന നസ്രത്ത് മേൽപാലത്തിനും 350 മീറ്റർ നീളമുണ്ട്.
രണ്ടിടത്തും പെയിന്റടിച്ച് മനോഹരമാക്കുന്ന ജോലിയും തുടങ്ങി. പാലത്തിന്റെ വശങ്ങളിൽ താൽക്കാലിക വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ചമ്പക്കുളം, പുളിങ്കുന്ന് എൻജിനീയറിങ് കോളജ് അടക്കം സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ കടക്കാവുന്ന മങ്കൊമ്പിലെ മേൽ പാലം ഈ ആഴ്ച തുറക്കും. സ്കൂൾ തുറക്കുന്നതിന് മുമ്പ് തുറന്നുകൊടുക്കുന്നതിന് അപ്രോച്ച് റോഡിന്റെ പണികൾ പുരോഗമിക്കുകയാണ്.
പാതയിൽ വലിയ മൂന്ന് പാലങ്ങൾ കൂടാതെ അഞ്ച് മേൽപാലങ്ങളാണുളള്ളത്. ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം എന്നിവയാണത്. ഇതിൽ പണ്ടാരക്കളം ഒഴികെ ബാക്കിയെല്ലാം പൂർത്തിയായി. വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനൊപ്പം പുതിയമേൽപാലങ്ങൾ കുട്ടനാടിന്റെ വ്യൂപോയന്റാകും. കണ്ണെത്താദൂരത്ത് പാടങ്ങളുടെ നയനമനോഹരകാഴ്ചകളാണ് സമ്മാനിക്കുന്നത്.
ഒന്നാംകരയിലെ മേൽപാലത്തിന്റെ നിർമാണം ചെറിയപാലം കൂടി ചേർത്താണ്. ഒന്നാംകര ക്ഷേത്രത്തിലേക്ക് അടക്കം റോഡിനായി മേൽപാലത്തിൽനിന്ന് 4.25 മീറ്റർ വീതിയിൽ സർവീസ് റോഡും ക്രമീകരിച്ചിട്ടുണ്ട്. കൈവരികളും ജോയന്റ് ഫില്ലിങ്ങും അടക്കം ജോലികളാണ് ബാക്കിയുള്ളത്. പണ്ടാരക്കളം മേൽപാലത്തിന്റെ നിർമാണത്തിന് തടസ്സം മുകളിലൂടെ പോകുന്ന വൈദ്യുതിലൈൻ ആണ്. ലൈൻ മാറ്റുന്നതടക്കമുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചുമതലയിൽ 2020 ഒക്ടോബർ 12നാണ് നിർമാണ പ്രവൃത്തികൾക്ക് തുടക്കമിട്ടത്. 2023 നവംബറിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തുറക്കാനുള്ള വേഗത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. കിടങ്ങറ, നെടുമുടി വലിയപാലങ്ങളുടെ പണി തീർന്നു. പള്ളാത്തുരുത്തി പാലത്തിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
ഇതൊഴിവാക്കി റോഡ് തുറക്കാനുള്ള ആലോചനയിലാണ് അധികൃതർ. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണത്തിന് ഇൻലൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ഡബ്ല്യു.എ.എ) അനുമതി കിട്ടിയെങ്കിലും പുതിയഡിസൈൻ പ്രകാരമുള്ള അനുമതി ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതാണ് പ്രധാനതടസ്സം. പണിതീർന്ന മേൽപാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണമാണ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.