കടൽക്ഷോഭം ശക്തം അമ്പലപ്പുഴയിൽ രണ്ട് വീട് തകർച്ചഭീഷണിയിൽ
text_fieldsഅമ്പലപ്പുഴ: കടൽക്ഷോഭം ശക്തമായതോടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ തീരത്തെ രണ്ട് വീട് തകർച്ചഭീഷണിയിൽ. വീട്ടുകാർ ബന്ധുവീട്ടിൽ അഭയം തേടി. 15ാം വാർഡിൽ പുതുവൽ രമണൻ, ഷൈലേന്ദ്രൻ എന്നിവരുടെ വീടാണ് തകർച്ചഭീഷണിയിലുള്ളത്. കടൽഭിത്തിയില്ലാത്ത ഇവിടെ കൂറ്റൻ തിരമാലകൾ തീരം കാർന്നെടുക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ കടൽക്ഷോഭം ശക്തമായതോടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പൊളിച്ചുനീക്കി.
വീട്ടിൽ ഉണ്ടായിരുന്നവർ ബന്ധുവീടുകളിൽ അഭയം തേടി. പുന്നപ്ര ചള്ളിതീരത്തെ ഫിഷ്‌ലാൻഡ് സെന്ററും തകർച്ചഭീക്ഷണിയിലാണ്. പുന്നപ്രക്കും തോട്ടപ്പള്ളി തീരത്തിനുമിടയിലാണ് കടൽക്ഷോഭം ശക്തമായത്. നടുക്കടലിൽ രൂപപ്പെട്ട കൂറ്റൻ തീരമാലകൾ തീരം കവർന്ന് കരയിലേക്ക് ഇരച്ചുകയറുകയാണ്. മീറ്ററുകളോളം തിരമാലകൾ കയറിയതോടെ പല ഭാഗത്തും തീരം ഇടിഞ്ഞു. പുന്നപ്ര ചള്ളിയിൽ കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ അടുക്കിയ മണൽച്ചാക്കുകൾ ഏതു സമയവും കടലെടുക്കാനുള്ള സാഹചര്യമാണ്.
വണ്ടാനം മാധവൻ മുക്കിൽ പുലിമുട്ടിനും കടൽഭിത്തിക്കും മുകളിലൂടെ തിരമാലകൾ കരയിലേക്കു അടിച്ചുകയറി. ഒറ്റപന, ആനന്ദേശ്വരം, പുന്തല, പുറക്കാട്, കരൂർ, കാക്കാഴം ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമാണ്. കാലാവസ്ഥ ഗവേഷണ കേന്ദ്രം ചക്രവാതച്ചുഴി മുന്നറിയിപ്പു നൽകിയതിനാൽ ജില്ലയുടെ തീരത്തുനിന്ന് മത്സ്യബന്ധന വള്ളങ്ങളും പൊന്തുകളും കടലിൽ ഇറക്കിയില്ല. ചാകര പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള തീരങ്ങളിലെല്ലാം കടൽക്ഷേഭം ശക്തമായതോടെ പ്രതീക്ഷ നശിച്ച അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കടൽഭിത്തിയില്ലാത്ത തീരങ്ങളോടു ചേർന്നു നിൽക്കുന്ന കുടുംബങ്ങൾ ഭീതി വിട്ടൊഴിയാതെയാണ് ഇരുട്ടിവെളുപ്പിക്കുന്നത്.
നാശം വിതച്ച് കൂറ്റൻ തിരമാലകൾ; വീടൊഴിഞ്ഞ് തീരവാസികൾ
ആറാട്ടുപുഴ: കൂറ്റൻ തിരമാലകൾ ഒന്നിനു പിറകെ ഒന്നായി കരയിലേക്ക് പാഞ്ഞുകയറിയതോടെ ഭയന്ന് വിറക്കുകയാണ് തീരം. ദിവസം കഴിയുംതോറും കൂടുതൽ സ്ഥലങ്ങളിലേക്ക് കടൽക്ഷോഭത്തിന്‍റെ കെടുതി വ്യാപിക്കുകയാണ്.
തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ട് കുത്തിയൊഴുകി. റോഡിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കിലോമീറ്ററോളം ദൂരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. തീരത്തുള്ളവർ ബന്ധുവീടുകളിലേക്ക് താമസം മാറി. നിരവധി വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. കച്ചവട സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടങ്ങളിലും മണ്ണിനടിയിലായി.
ഒറ്റമശ്ശേരിയിൽ താൽക്കാലിക കടൽഭിത്തി നിർമാണം തുടങ്ങി
ചേർത്തല: കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ കടലേറ്റം രൂക്ഷമായ സ്ഥലത്ത് താൽക്കാലിക കടൽഭിത്തി നിർമാണം തുടങ്ങി. കടൽഭിത്തിക്കായി ബുധനാഴ്ച മുതൽ കൂടുതൽ കരിങ്കല്ല് എത്തും. മന്ത്രി പി. പ്രസാദിന്റെ ഇടപെടലാണ് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നത്.
തിങ്കളാഴ്ച രാത്രി ഒരു ലോഡ് കരിങ്കല്ല് എത്തി. താൽക്കാലിക കല്ലുകൾ എവിടെയൊക്കെ സ്ഥാപിക്കണം എന്നത് സംബന്ധിച്ചും തീരവാസികളെ നിർമാണ വിവരങ്ങൾ അറിയിക്കാനുമായി പ്രത്യേക യോഗം ചൊവ്വാഴ്ച നടന്നു. കടലേറ്റം മൂലം ഏറ്റവും അപകടമുള്ള സ്ഥലങ്ങളിൽ കല്ലിടാനാണ് തീരുമാനം മണൽച്ചാക്കുകൾ അടക്കം കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, അംഗം കെ.ജെ. സ്റ്റാലിൻ, തീരദേശ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം പി.ഐ. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.