ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം; നഗരസഭ ശതാബ്ദി മന്ദിര അടഞ്ഞുതന്നെ
text_fieldsആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും നഗരസഭ ശതാബ്ദി മന്ദിരം അടഞ്ഞുതന്നെ. 90 ശതമാനം പണി പൂർത്തിയായിട്ടും നിസ്സാരജോലികളുടെ പേരിൽ ഉപയോഗ ശൂന്യമായി കെട്ടിടം കാടുകയറിയും പൊടിപിടിച്ചും നശിക്കുകയാണ്. 10 കോടി ചെലവഴിച്ച് നിർമിച്ച സമുച്ചയമാണ് അധികൃതരുടെ കെടുകാര്യസ്ഥതയിൽ ഉപയോഗ ശൂന്യമാകുന്നത്. 2017ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് നിർമാണം ആരംഭിച്ചത്. പിന്നീട് വന്ന എൽ.ഡി.എഫ് ഭരണസമിതി അവശേഷിച്ച പ്രവൃത്തികൾക്ക് വേണ്ടത്ര പരിഗണന നൽകിയില്ല. മന്ദിര നിർമാണ ഫണ്ട് പിന്നീട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതാണ് പൂർത്തീകരണം മുടക്കിയതിെൻറ മുഖ്യകാരണം.
ഇന്റീരിയർ, ഫർണിഷിങ് ജോലികൾ പൂർത്തിയാക്കിയിട്ടില്ല. നിലവിൽ പല ഭാഗത്തും ടൈലുകൾ അടക്കം ഇളകിയ നിലയിലാണ്. ഇവ വീണ്ടും പുതുക്കിപ്പണിയേണ്ടി വരും. പൊടിപിടിച്ച് കെട്ടിടത്തിെൻറ ഭിത്തികൾ വൃത്തിഹീനമായ നിലയിലുമാണ്. പെയിന്റിങ് അടക്കം വീണ്ടും ചെയ്യേണ്ട സ്ഥിതിയുമുണ്ട്. കെട്ടിട പരിസരം പൂർണമായും കാടുകയറിയ നിലയിലാണ്. നഗരസഭ ആരോഗ്യവിഭാഗം പിടികൂടുന്ന ഉപയോഗശൂന്യമായ ഫ്ലക്സുകളും മറ്റും തള്ളാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ്. സെപ്റ്റംബറിൽ നിർമാണം പൂർത്തിയാക്കി ഓഫിസുകളുടെ പ്രവർത്തനം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് നഗരസഭ അധ്യക്ഷ മുമ്പ് പറഞ്ഞിരുന്നു. പണി പൂർത്തിയാക്കിയെന്ന് കെട്ടിടം ഉപയോഗിക്കാൻ കഴിയുമെന്ന കാര്യത്തിൽ അവ്യക്തത ഭരണസമിതിക്കുപോലും തീർന്നിട്ടില്ല. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ അഞ്ചു നിലയിലായി 4500 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.