നാട്ടിൽ ഉദയനാണ് താരം
text_fieldsചേർത്തല: തന്റെ ഇരുചക്രവർക്ക്ഷോപ്പിൽ കിടന്ന പാഴ്വസ്തുക്കൾകൊണ്ട് ടില്ലറും ബോട്ടും ഉണ്ടാക്കിയതോടെ നാട്ടിലെ താരമാകുകയാണ് ഉദയൻ. തണ്ണീർമുക്കം പഞ്ചായത്ത് സുഭാഷ് കവലയിൽ ന്യൂ ഉദയ എന്ന ടൂവീലർ വർക്ക് ഷോപ് നടത്തുകയാണ് മഠത്തിൽപറമ്പ് ഉദയൻ ( 42).
രണ്ടുവർഷം മുമ്പ് വർക്ക്ഷോപ്പിൽ കണ്ടം ചെയ്ത ഇരുചക്ര വാഹനമായ ഹോണ്ട ആക്ടീവ എൻജിനെടുത്ത് ഓടുന്ന കണ്ടീഷനാക്കി ടില്ലർ ഉണ്ടാക്കിയതോടെയാണ് ഉദയൻ പ്രശസ്തനായത്. കൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴിക്ക് സമീപമാണ് ഉദയന്റെ വർക്ക് ഷോപ്. ഏക്കർ കണക്കിന് കൃഷി സ്ഥലത്ത് ടില്ലർ ഉപയോഗിച്ചാണ് പാടം അനുയോജ്യമാക്കുന്നത്. എന്നാൽ, ടില്ലർ മറ്റ് ജില്ലകളിൽനിന്ന് എത്തിച്ചാണ് കൃഷിക്ക് കളമൊരുക്കുന്നത്. ഉദയന്റെ ടില്ലർ വന്നതോടെ നാട്ടിലും പഞ്ചായത്തിലും വലിയ പേരായി. പലരും കൊണ്ടുപോയി ഉപയോഗിച്ചില്ലെങ്കിലും ആരോടും പണം വാങ്ങാറില്ല. ഏത് കൊച്ചുകുട്ടിക്കുപോലും ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമാണ രീതി.
നവമാധ്യമങ്ങളിൽ ടില്ലർ വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫോൺവിളിമൂലം പണിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഉദയൻ പറയുന്നു. ഉദയന്റെ ടില്ലറിന് 60,000 രൂപയോളം ചെലവ് വന്നപ്പോൾ ഇതിന് ലക്ഷം രൂപയോളം നൽകാനും ആളുകൾ തയാറാണ്. എന്നാൽ, ഇതുവരെ മറ്റൊന്ന് ഉണ്ടാക്കാൻ പറ്റിയിട്ടില്ല. കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രത്യേക ഇടപെടലിൽ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് പോലും ഉദ്യോഗസ്ഥരെത്തി ഉദയന്റെ ടില്ലർ കണ്ടുവിലയിരുത്തി. കൂടാതെ ഭിന്നശേഷിക്കാർക്ക് നൂറോളം മൂന്ന് വീലുള്ള സൈക്കിളുകൾ നിർമിച്ച് സൗജന്യമായി നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി ഇനി ഇലക്ട്രിക് വീൽചെയർ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഉദയൻ. ഭാര്യ സിജിമോളും മക്കളായ ഗോവിന്ദ്, ജാനകി എന്നിവരും സഹായത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.