പുന്നപ്രയിലും പുറക്കാട്ടും അടിപ്പാത നിർമാണം തുടങ്ങി
text_fields അമ്പലപ്പുഴ: ദേശീയപാത വികസന ഭാഗമായി പുന്നപ്രയിലും പുറക്കാട്ടും അടിപ്പാത നിർമാണം തുടങ്ങി. അടിത്തറയുടെ പണിയാണ് നടക്കുന്നത്. ഇതിനൊപ്പം കോൺക്രീറ്റിങ്ങിനുള്ള കമ്പിയും കെട്ടിത്തുടങ്ങി. പുന്നപ്രയിൽ ഇടത്തരം വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധത്തിലുള്ള അടിപ്പാതയാണു നിർമിക്കുന്നത്. 13.8 മീറ്റർ വീതിയുണ്ടാകും. പുറക്കാട്ട് ചെറിയ വാഹനങ്ങൾക്കുള്ള അടിപ്പാതയും. ഇവിടെ 8.5 മീറ്ററാണ് വീതി.
പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ജില്ലയിലെ രണ്ടാമത്തെ റീച്ചിലാണ് ഇവ ഉൾപ്പെടുന്നത്. തോട്ടപ്പള്ളിയിൽ നിലവിലുള്ള സ്പിൽവേ പാലത്തിന് സമാന്തരമായി രണ്ടു പാലങ്ങൾ നിർമിക്കും. ഇവിടെ മണ്ണുപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. പാലങ്ങളുടെ അന്തിമരൂപരേഖ തയാറാകുന്നതേയുള്ളൂ. തോട്ടപ്പള്ളിയിലെ പുതിയ പാലങ്ങൾക്ക് 413.5 മീറ്റർ നീളമുണ്ടാകും.
വീതി 14 മീറ്ററും. പാലങ്ങൾ പൂർത്തിയാകുന്നതോടെ നിലവിൽ സ്പിൽവേ പാലത്തിലൂടെയുള്ള ഗതാഗതം അവസാനിപ്പിക്കും. കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഷട്ടറുകൾ സ്പിൽവേ പാലത്തിൽത്തന്നെ നിലനിർത്തും. പുതിയ പാലങ്ങളിൽ ഷട്ടറുകളുണ്ടാകില്ല.
തുറവൂർ-പറവൂർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കു കോട്ടയം ജില്ലയിലെ രണ്ടിടത്തുനിന്നാണ് മണ്ണെടുക്കുന്നത്. ഇതിനുള്ള അനുമതി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകി. പറവൂർ-കൊറ്റുകുളങ്ങര ഭാഗത്തേക്ക് അടൂരിൽനിന്നാണ് പ്രധാനമായും മണ്ണെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.