അശാസ്ത്രീയ ഓട നിർമാണം; ഉയര വ്യത്യാസത്തിൽ കുടുങ്ങി നാട്ടുകാർ
text_fieldsആലപ്പുഴ: നഗരത്തിലെ അശാസ്ത്രീയ ഓട നിർമാണത്തിൽ കുടുങ്ങി നാട്ടുകാർ. നിലവിലെ റോഡും ഓടയും തമ്മിലുള്ള ഉയര വ്യത്യാസമാണ് ഇതിന് കാരണം. കളപ്പുര ക്ഷേത്രത്തിന്റെ പിന്നിൽനിന്നും ബൈപാസിലേക്ക് നീളുന്ന ആറാട്ടുവഴി-കളപ്പുര റോഡിലാണ് ഓട നിർമാണം നടക്കുന്നത്.
റോഡിന്റെ വീതികുറഞ്ഞതിനൊപ്പം ഉയരത്തിൽ ഓടയും എത്തിയതോടെ വീട്ടിൽനിന്ന് വാഹനം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇറങ്ങിയാൽ സാഹസികത കാട്ടണം. തിരികെ കയറ്റാനും ബുദ്ധിമുട്ടാണ്. രാത്രിയിൽ ആളുകൾ തട്ടിവീഴുന്ന സ്ഥിതിയുണ്ട്. നേരത്തേ വലിയ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയുമായിരുന്നു. നിർമാണത്തിന് പിന്നാലെ എതിരെ സ്കൂട്ടർ അടക്കമുള്ള ചെറിയ വാഹനങ്ങൾ എത്തിയാൽ ഓട്ടോക്കുപോലും സഞ്ചരിക്കാൻ കഴിയില്ല. മഴ പെയ്താൽ പിന്നെയും ദുരിതം ഇരട്ടിയാകും. വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത രീതിയിലാണ് ഓടയുടെ നിർമാണം. വെള്ളത്തിൽ മുങ്ങുന്ന റോഡിലൂടെയുള്ള യാത്ര ഇരട്ടി ദുരിതമാണ് പരിസരവാസികൾക്ക് സമ്മാനിക്കുന്നത്. പരാതി ഉയർന്നതോടെ സ്ലാബിന്റെ ഓരത്ത് സിമന്റിട്ട് പ്രശ്നം പരിഹരിക്കാനും ശ്രമിച്ചു. ഇതോടെ രാത്രിയിൽ ആളുകൾ തെന്നിവീഴുന്നത് പതിവായി.
റോഡ് നിരപ്പിൽനിന്ന് ഉയർത്തി ഓടപണിത എൻജിനീയറിങ് വിഭാഗത്തിനെതിരെ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് കലക്ടർക്ക് പരാതി നൽകി. പരിശോധിച്ച് നിയമാനുസൃതമായി നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ആലപ്പുഴ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു. കളപ്പുര, ആറാട്ടുവഴി വാർഡിന്റെ നടുവിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് ഘട്ടമായി നടന്ന നിർമാണത്തിന് നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടം ഇല്ലാതിരുന്നതാണ് പ്രശ്നമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.