അശാസ്ത്രീയ റോഡ് നിർമാണം; വെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ
text_fieldsഅമ്പലപ്പുഴ: ഓട നിർമിക്കാതെയുള്ള അശാസ്ത്രീയ റോഡ് നിർമാണംമൂലം വെള്ളക്കെട്ടിൽ വലഞ്ഞ് ഒരു പ്രദേശം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11ാം വാർഡിലെ ഒട്ടേറെ കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം വീടിന് പുറത്തിറങ്ങാൻ കഴിയാതെ ദുരിതത്തിലായത്. കളർകോട് മുതൽ അമ്പലപ്പുഴ വടക്കേനട വരെ ദേശീയപാതക്ക് സമാന്തരമായി നിർമിച്ച പഴയ നടക്കാവ് റോഡിനാണ് ഓടയില്ലാത്തത്. ഓട ഉൾപ്പെടെ റോഡ് നിർമിക്കാമെന്ന ഉറപ്പിലാണ് നാട്ടുകാർ സ്ഥലം വിട്ടുനൽകിയത്. എന്നാൽ, റോഡ് പൂർത്തിയായിട്ടും ഓട നിർമാണം ആരംഭിച്ചില്ല. ഇതോടെ എല്ലാ മഴക്കാലത്തും പ്രദേശവാസികൾ വെള്ളക്കെട്ടിലാണ് കഴിയുന്നത്. റോഡ് ഉയരംകൂട്ടി നിർമിച്ചതോടെ റോഡിലെ വെള്ളവും പെയ്ത്തു വെള്ളവും കെട്ടിക്കിടക്കുകയാണ്. മുട്ടിന് മുകളിലാണ് ഇവിടെ വെള്ളം. ചെറിയ മഴ പെയ്താൽപോലും തങ്ങളുടെ അവസ്ഥ ഇതാണെന്നാണ് നാട്ടുകാർ പറയുന്നു.
ഓട നിർമിച്ച് ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ മുതൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടക്കത്തിൽ ഓട നിർമിക്കാനുൾപ്പെടെയാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ, ഓട യാഥാർഥ്യമായില്ല.
ഫണ്ട് അനുവദിച്ചാൽ ഓട നിർമിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പ്രദേശം കായൽ സമാനമായ രീതിയിൽ കിടക്കുകയാണ്. ഇത് പകർച്ചവ്യാധി ഉൾപ്പെടെയുള്ളവക്കും കാരണമാകുമെന്ന ആശങ്കയാണുള്ളത്. കൂടാതെ വെള്ളം കെട്ടിനിൽക്കുന്നതുമൂലം പ്രദേശത്തെ വീടുകളും തകരുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.