പക്ഷിപ്പനി ബാധിത മേഖലയില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നത് വിലക്കി
text_fieldsആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗവ്യാപനം തടയുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിര്‍ത്താൻ കലക്ടർ നിർദേശം നൽകി.
ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭ മേഖലയിലുമാണ് നിയന്ത്രണം ബാധകമാകുക. തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശത്തെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവുചെയ്യുന്ന നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും.
ഈ വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇവിടേക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു.
റാപിഡ് റെസ്പോണ്‍സ് ടീമുകളുടെ സേവനം ഉറപ്പാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആര്.ആര്.ടികളെ നിയോഗിച്ച് ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
ദേശാടനപ്പക്ഷികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്കി.
ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, ജില്ല സർവെയ്ലന്‍സ് ഓഫിസര്‍ ഡോ. ദീപ്തി, ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. എ.ജി. ജിയോ, അമ്പലപ്പുഴ തഹസില്‍ദാര്‍ പ്രീത പ്രതാപന്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദര്ശനന്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ്.ജെ. ലേഖ, ഡോ. എല്‍.ജെ. കൃഷ്ണ കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
താറാവുകളെ കൊന്ന് കുഴിച്ചുമൂടി
അമ്പലപ്പുഴ: പുറക്കാട് താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നതും രോഗം പിടിപെടാന്‍ സാധ്യതയുള്ളതുമായ താറാവുകളെ കൊന്ന് കുഴിച്ചിട്ടു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാെൻറ ഉടമസ്ഥതയിെല മൂവായിരത്തോളം താറാവുകളും സമീപത്തെ പ്രഭു, രാജു എന്നിവരുടെ ഉടമസ്ഥതയിെല നാലായിരത്തോളം താറാവുകളെയുമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് കുഴിച്ചുമൂടിയത്.
സ്വകാര്യ ഹാച്ചറിയില്‍നിന്ന് ഒരുദിവസം പ്രായമായ 13,500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ പതിനായിരത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്നവയെയാണ് കൊന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് വ്യാപനം തടയാൻ മറ്റ് രണ്ട് കര്‍ഷകരുടെ താറാവുകളെയും കൊന്നത്. രോഗം സ്ഥിരീകരിച്ചതിന് ഒരു കി.മീ. ചുറ്റളവില്‍ രോഗം പകരാന്‍ ഇടയുള്ളതിനാലാണിത്. മൃഗസംരക്ഷണ വകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കൃഷ്ണ കിഷോര്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ലേഖ എന്നിവരുടെ നേതൃത്വത്തിലെ 30 അംഗ ആര്.ആര്.ടി സംഘമാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.