ആലപ്പുഴയിൽ നായ്ക്കളുടെ വാക്സിനേഷൻ നിലച്ചു; എ.ബി.സി പദ്ധതിയുമില്ല
text_fieldsആലപ്പുഴ: പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ ജില്ലയുടെ സ്ഥാനം ഒന്നാമതായിരുന്നു. ആ പദവി കിട്ടിയതിനുശേഷം ഓടിച്ചിട്ട് തെരുവുനായ്ക്കളെ പിടികൂടുന്ന വാക്സിനേഷൻ പരിപാടിയും നിർത്തി. ഇതോടെ കുരച്ചുചാടി ഭീതിപരത്തുന്ന നായ്ക്കളുടെ ആക്രമണവും പെരുകി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ രണ്ടുപേരെ കടിച്ച നായ് ചത്തതും പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചതുമാണ് ഒടുവിലത്തെ സംഭവം.
മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെയും അല്ലാതെയും പിടികൂടി വാക്സിൻ നൽകിയെന്ന് അവകാശപ്പെടുമ്പോഴും ആക്രമണസ്വഭാവമുള്ള നായ്ക്കൾ തെരുവിൽ വിലസുകയാണ്. 2022 സെപ്റ്റംബർ 20 മുതൽ നവംബർ 20 വരെ നടന്ന പേവിഷബാധ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 50,234 വളര്‍ത്തുനായ്ക്കൾക്കും 2860 തെരുവുനായ്ക്കൾക്കും 2722 പൂച്ചകളും ഉള്‍പ്പെടെ 55,816 മൃഗങ്ങൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയെന്നാണ് കണക്ക്. തെരുവുനായ്ക്കളെ വാക്സിനേറ്റ് ചെയ്തത് പ്രശ്നം പരിഹരിക്കാനാവുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇതുവഴി നായ്ക്കൾ സൃഷ്ടിക്കുന്ന വാഹനാപകടങ്ങളും യാത്രക്കാർക്കുനേരെയുള്ള ആക്രമണവും കുറഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.
നഗരത്തിന്റെ പലഭാഗങ്ങളിലും ജനജീവിതത്തെ ഭീതിയിലാക്കിയാണ് നായ്ക്കൾ ജീവനുനേരെ കുരച്ചുചാടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇവയുടെ ശല്യം രൂക്ഷമാണ്. ആലപ്പുഴ കടപ്പുറത്ത് ആരെയും വകവെക്കാതെയാണ് ഇവയുടെ ശല്യം. രാത്രിയും തെരുവുനായ് ശല്യം രൂക്ഷമാണ്. ഭീതിയോടെയാണ് പ്രഭാതസവാരിക്കുപോലും പലരും ഇറങ്ങുന്നത്.
തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കിയ അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ഇനിയും പുനരാരംഭിച്ചില്ല. കുടുംബശ്രീ വഴി നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഉടൻ തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. ആലപ്പുഴ നഗരസഭ സിവ്യൂ വാർഡിലും കണിച്ചുകുളങ്ങരയിലുമാണ് എ.ബി.സി സെന്ററുള്ളത്. 20 ലക്ഷത്തോളം മുടക്കി നവീകരണം തുടങ്ങിയെങ്കിലും ഏങ്ങുമെത്തിയിട്ടില്ല. വൈദ്യുതീകരണം ഉൾപ്പെടെ ഇനിയും ബാക്കിയാണ്. എ.ബി.സി പദ്ധതിയിൽ പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണമെന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.