വടക്കഞ്ചേരി അപകടം: ഉല്ലാസ യാത്രക്ക് 'ആനവണ്ടി' തേടി സ്കൂളുകൾ...
text_fieldsആലപ്പുഴ: വടക്കാഞ്ചേരി ബസപകടം സൃഷ്ടിച്ച ഞെട്ടലിൽ സംസ്ഥാനത്തെ പല സ്കൂളുകളും ടൂറിസ്റ്റ് ബസുകളോട് ടാറ്റ പറഞ്ഞ് ഉല്ലാസ യാത്രക്ക് കെ.എസ്.ആർ.ടി.സി ബസുകൾ തെരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ അന്വേഷണം വരുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും കാതടപ്പിക്കുന്ന ഗാനങ്ങളുമല്ല സുരക്ഷിതമായ യാത്രയാണ് വേണ്ടതെന്ന് അധ്യാപകരും രക്ഷിതാക്കളും ചിന്തിക്കുന്ന പശ്ചാത്തലത്തിലാണിത്. സുരക്ഷയില്ലാതെയും അമിത വേഗത്തിലും കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട് നിരവധി കുട്ടികൾ മരിച്ച സംഭവം നാടിനെ ഞെട്ടിച്ചതിന് പിന്നാലെയാണ് സ്കൂൾ അധികൃതർ മറ്റ് മാർഗങ്ങൾ തേടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഉല്ലാസ യാത്ര മുൻകൂട്ടി ആവിഷ്കരിച്ച് നടപ്പാക്കിയ ആലപ്പുഴയിൽ ഇതിന്റെ പിൻബലത്തിലും അന്വേഷണമുണ്ട്.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളുടെ വിനോദയാത്ര കെ.എസ്.ആർ.ടി.സി ബസിലാക്കണമെന്ന നിർദേശം പല ഭാഗത്തുനിന്നും ഉയരുന്നുമുണ്ട്. ജില്ലയിലെ പൈതൃക കേന്ദ്രങ്ങൾ കൂട്ടിയിണക്കി 'ആലപ്പുഴയിലെ കാണാക്കാഴ്ചകൾ' എന്ന പേരിൽ ഈ മാസം നാലിനാണ് ജില്ലയിൽ വിദ്യാർഥികൾക്കുള്ള ആദ്യ ഉല്ലാസയാത്ര കെ.എസ്.ആർ.ടി.സിയുടെ ജില്ല ബജറ്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്നത്. പത്തോളം ടൂറിസ്റ്റ് സ്പോട്ടുകളാണ് ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ ഉല്ലാസയാത്രയിൽ ഉൾപ്പെടുത്തിയത്. 50 വിദ്യാർഥികൾ, എസ്കോർട്ട് അധ്യാപകർ, പി.ടി.എ പ്രതിനിധി എന്നിവരുൾപ്പെടെയാണ് യാത്ര. എട്ട് മണിക്കൂർ നീളുന്ന യാത്രക്ക് ഒരു കുട്ടിക്ക് 300 രൂപയാണ് നിരക്ക്. ആലപ്പുഴ ട്രിപ്പിൽ 50 വിദ്യാർഥികളുടെ ടിക്കറ്റ് തുക മാത്രം അടച്ചാൽ മതിയാകും. എസ്കോർട്ട് അധ്യാപകർക്കടക്കം പ്രത്യേകം ടിക്കറ്റ് ചാർജ് നൽകേണ്ടതില്ല.
സ്വന്തം ജില്ലക്ക് പുറത്തേക്ക് പോകാൻ കുട്ടികൾക്ക് താൽപര്യമുള്ളതിനാൽ, ഇത്തരത്തിലെ ട്രിപ്പുകൾ തേടി പല സ്കൂളുകളും കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുന്നുണ്ട്. നിലവിൽ വിജയകരമായി നടത്തുന്ന വാഗമൺ, പരുന്തുംപാറ, മലക്കപ്പാറ, മാമലക്കണ്ടം ജംഗിൾ സഫാരി, മൂന്നാർ ട്രിപ്പ് പാക്കേജുകൾ ഇവർക്ക് പ്രയോജനപ്പെടുത്താനാകും.
ദിവസങ്ങൾ നീളുന്ന യാത്ര ഒരുക്കാനാവില്ലെങ്കിലും സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ സമാധാനം സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കുമുണ്ടാകുമെന്നതാണ് പ്രത്യേകത. കൃഷ്ണപുരം കൊട്ടാരം, കാർട്ടൂണിസ്റ്റ് ശങ്കർ കാർട്ടൂൺ മ്യൂസിയം, വലിയഴീക്കൽ ബീച്ച് , വലിയഴീക്കൽ പാലം, ലൈറ്റ് ഹൗസ് കുമാരകോടി തകഴി സ്മാരകവും മ്യൂസിയവും, കരുമാടിക്കുട്ടൻ, മുസാവരി ബംഗ്ലാവ് ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും എന്നിവയാണ് ആലപ്പുഴ പൈതൃക ട്രിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉല്ലാസയാത്രയുടെ വിവരങ്ങൾക്ക് : 9846475874.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.