അരൂക്കുറ്റിയിൽനിന്ന് ബോട്ട് സർവിസിനുള്ള മുറവിളി ഫലം കണ്ടു; ഇന്ന് പരീക്ഷണ യാത്ര
text_fieldsവടുതല: അരൂക്കുറ്റിയിൽനിന്ന് ബോട്ട് സർവിസിനായുളള മുറവിളി ഫലം കണ്ടു. വെളളിയാഴ്ച രാവിലെ 11 ഓടെ പെരുമ്പളത്ത് നിന്നുള്ള ഒരു ബോട്ട് പരീക്ഷണ യാത്രക്കായി എത്തും. അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് യാത്ര ദുഷ്കരമായതിനാൽ അരൂക്കുറ്റിയിൽനിന്ന് ബോട്ട് സർവിസിനായി മുറവിളി ഉയരുന്ന വാർത്ത ‘മാധ്യമം’ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും മറ്റ് സാമൂഹിക സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും നിരന്തരമായി അധികാരികളെ ബന്ധപ്പെട്ടതിന്റെ ഫലമായി അരൂർ എം.എൽ.എയുടെ ഇടപെടലാണ് അരൂക്കുറ്റിയിൽനിന്ന് ജല ഗതാഗതത്തിനുള്ള മാർഗം തെളിഞ്ഞത്. അടിയന്തിരമായി ബോട്ട് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ എം.എൽ.എക്ക് കഴിഞ്ഞ ദിവസം നിവേദനവും നൽകിയിരുന്നു.
അരൂക്കുറ്റിയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് വളരെ വ്യവസ്ഥാപിതമായി എറണാകുളം ഭാഗത്തേക്ക് ഉൾപ്പെടെ ധാരാളം ബോട്ട് സർവിസ് ഉണ്ടായിരുന്നു. അരൂർ -അരൂക്കുറ്റി പാലം യാഥാർഥ്യമാവുകയും റോഡ് ഗതാഗതം ശക്തമാവുകയും ചെയ്തതോടെ ജലഗതാഗതം ക്രമേണ ഇല്ലാതാവുകയാണുണ്ടായത്. തിരുവനന്തപുരത്ത് വനിത സബ് കമ്മിറ്റിയിൽ പങ്കെടുക്കവേയാണ് എം.എൽ.എ മന്ത്രി ഗണേഷ് കുമാറിനെ നേരിട്ടുകണ്ട് ഹൈവേ വികസനം പൂർത്തിയാകുന്ന സമയം വരെ അരൂക്കുറ്റി ഫെറിയിൽ നിന്ന് എറണാകുളത്തേക്ക് ബോട്ട് സർവിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മന്ത്രി നേരിട്ട് ജലഗതാഗതവകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകുകയായിരുന്നു.
പാണാവള്ളിയിൽ സർവിസ് നടത്തുന്ന എസ് -35 യാത്രാബോട്ടാണ് പരീക്ഷണയാത്രക്കായി വെള്ളിയാഴ്ച എത്തുന്നത്. വിജയകരമാണെങ്കിൽ പെരുമ്പളത്ത് നിന്ന് ആരംഭിക്കുന്ന ചില സർവിസുകൾ അരുക്കുറ്റി ഫെറി വഴി എറണാകുളത്തേക്ക് ട്രിപ്പ് നടത്തും. ഇതോടെ നിലവിലെ യാത്രാ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.