സ്ഥലപരിമിതി: നട്ടംതിരിഞ്ഞ് അരൂക്കുറ്റി സർക്കാർ ഹോമിയോ ആശുപത്രി
text_fieldsവടുതല: സ്ഥലപരിമിതിയിൽ നട്ടംതിരിഞ്ഞ് അരൂക്കുറ്റി സർക്കാർ ഹോമിയോ ആശുപത്രി. 2010-15 കാലയളവിൽ അരൂക്കുറ്റിയിലെ യു.ഡി.എഫ് ഭരണസമിതിയാണ് സർക്കാർ ഹോമിയോ ആശുപത്രി വടുതലയിൽ ആരംഭിച്ചത്. പഞ്ചായത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാൽ 5800 രൂപ മാസ വാടകക്ക് ഓടിട്ട പഴയ കെട്ടിടത്തിലാണ് ആശുപത്രി ആരംഭിച്ചത്. ഇന്നും ഈ പഴയ കെട്ടിടത്തിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. രോഗികൾക്ക് ഇരിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സംവിധാനമില്ല. ഡോക്ടർക്ക് സൗകര്യപ്രദമായ പരിശോധന മുറിയില്ല. രോഗികൾ വർധിച്ചപ്പോൾ മുൻവശത്തേക്ക് താല്ക്കാലിക ഷീറ്റ് കെട്ടി സൗകര്യം ഒരുക്കി. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനം.
മെഡിക്കൽ ഓഫിസറെ കൂടാതെ ഫാർമസിസ്റ്റ്, അറ്റൻഡർ, പാർട്ട് ടൈം സ്വീപ്പർ എന്നിങ്ങനെ നാലുപേരാണുള്ളത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും ശക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സജ്ജമാണെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു.
സ്കൂൾ കുട്ടികൾക്കായുള്ള കരുതലോടെ മുന്നോട്ട് പദ്ധതി പ്രകാരം ഹോമിയോപതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നുകളും വിതരണം നടത്തുന്നുണ്ട്. സ്വന്തം സ്ഥലവും കെട്ടിടവും ഇല്ലാത്തത് വലിയ പോരായ്മയായുണ്ട്. പഞ്ചായത്ത് ഭരണസമിതി ഏല്ലാ വർഷവും ആശുപത്രിക്കായി ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും സ്ഥലമില്ലാത്തത് തടസ്സമാണ്. വടുതലയിലെ ശ്മശാനത്തോട് ചേർന്നുകിടക്കുന്ന 14 സെന്റ് ഭൂമിയിൽ ആശുപത്രിക്കായുള്ള പ്രവർത്തനം നടത്തിയെങ്കിലും നിയമക്കുരുക്കിൽപെട്ട് കിടക്കുന്നു. നിയമക്കുരുക്ക് മാറിയാലുടൻ ഹോമിയോ ആശുപത്രിയും പകൽവീട് പോലുള്ള സംവിധാനവും ഒരുക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ മുന്നിൽ-മുംതാസ് സുബൈർ, വാർഡ് മെംബർ
കോവിഡ്19 അതിജീവന കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ നൽകിയ ഹോമിയോ മരുന്നുകൾ ഹോമിയോയുടെ മുന്നേറ്റത്തിന്റെ തെളിവാണ്. അരൂക്കുറ്റിയിൽ അലോപ്പതിക്കും ആയുർവേദത്തിനും പരിമിതമെങ്കിലും സ്വന്തമായി അടിസ്ഥാനസൗകര്യം ഒരുക്കി ജനങ്ങൾക്ക് ഉപകാരപ്രദമായ തരത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും ഹോമിയോക്ക് സ്വന്തം കെട്ടിടമില്ലായെന്നത് വലിയ പോരായ്മയാണ്.
സ്വന്തം കെട്ടിടത്തിന് തടസ്സമില്ല-നിധീഷ് ബാബു, മട്ടമ്മേൽ, വടുതല ജെട്ടി
2010-15ലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിയുടെ ഏറ്റവും പ്രയോജനകരമായ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഹോമിയോ ആശുപത്രി. പഞ്ചായത്തിനും പുറത്തും ഉള്ള ധാരാളം സാധാരണക്കാർക്ക് ആശുപത്രി അത്താണിയായി. സ്വന്തം കെട്ടിടത്തിനായി അന്നത്തെ എം.പി കെ.സി. വേണുഗോപാൽ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും കണ്ടെത്തിയ സ്ഥലം നിയമക്കുരുക്കിൽപെട്ട് ഫണ്ട് ഉപയോഗിക്കാൻ കഴിയാതെ വരുകയായിരുന്നു. ഭരണം മാറിയതിനാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ വീണ്ടും യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ നിയമക്കുരുക്കുകൾ മാറ്റി സ്വന്തമായ കെട്ടിടത്തിനുള്ള സജീവ ശ്രമത്തിലാണ്.
പ്രവർത്തനസമയം കൂട്ടണം-പി.എച്ച്. അപ്സിന, വടക്കേ കളത്തേഴത്ത്
അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയമാണ് ഗവ. ഹോമിയോ ആശുപത്രി. ഇരിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സ്വന്തമായ കെട്ടിടം അനിവാര്യമാണ്. പ്രവർത്തനസമയം കൂട്ടുന്നതും കൂടുതൽ പേർക്ക് പ്രയോജനകരമാകും. തുടങ്ങിയ സമയത്ത് ധാരാളംപേർ ആശ്രയിച്ചിരുന്നെങ്കിൽ, ഇപ്പോൾ കുറയുന്നതിന്റെ കാരണം അധികൃതർ പഠിച്ച് പരിഹാരം ഉണ്ടാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.