ഇവിടെ അത്ര സ്മാർട്ടല്ല... വികസനം തേടി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഓഫിസ്
text_fieldsവടുതല: പഞ്ചായത്ത് ഓഫിസുകൾ സ്മാർട്ട് ആകുന്നുവെന്ന പ്രഖ്യാപനങ്ങൾ മുഴങ്ങുമ്പോഴും നിന്ന് തിരിയാനിടമില്ലാതെ അസൗകര്യങ്ങിൽ വീർപ്പുമുട്ടുകയാണ് അരൂക്കുറ്റി പഞ്ചായത്ത് ഓഫിസ്. അടിസ്ഥാന സൗകര്യം പോലും മെച്ചപ്പെടുത്താൻ ഇടമില്ലാതെ വലയുകയാണ് ഈ പൊതുജനാശ്രയ കേന്ദ്രം.
നിലവിലെ ഭരണ സമിതി പഞ്ചായത്ത് ഓഫിസിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യമുയർത്തിയതിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയം ഭരണമന്ത്രിക്ക് അസൗകര്യങ്ങൾ സൂചിപ്പിച്ച് കത്ത് നൽകിയിരുന്നു. 15 സെന്റ് മാത്രമുള്ള പഞ്ചായത്ത് ഓഫിസിൽ പരമാവധി കെട്ടിടങ്ങളുള്ളതിനാൽ പഞ്ചായത്തിന്റെ കെട്ടിട നിർമാണച്ചട്ടത്തിൽ ഇളവ് അനുവദിക്കണമെന്നതായിരുന്നു ആവശ്യം.
ജനപ്രതിനിധികളെ കാണാനും മറ്റാവശ്യങ്ങൾക്കുമായെത്തുന്ന പൊതുജനങ്ങൾക്ക് ഒന്നിരിക്കാനിടമില്ല. ഓഫിസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ തട്ടാതെയും മുട്ടാതെയും അകത്ത് കയറിക്കൂടാൻ പോലും പറ്റാത്ത അവസ്ഥ. ജനപ്രതിനിധികൾക്ക് വിശ്രമിക്കാനോ ഒന്നിരിക്കാൻ പോലുമോ വേണ്ടത്ര സൗകര്യമില്ല.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപെടുത്തിയെങ്കിലും നിലവിലുള്ള കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കലുകൾക്ക് ശ്രമിക്കുമ്പോൾ ചട്ടങ്ങൾ തടസ്സമാകുന്നു. ഈ ചട്ടങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകി മൂന്ന് വർഷമായിട്ടും മറുപടി ലഭിക്കാത്തതാണ് അടിസ്ഥാന സൗകര്യവികസനത്തിന് പ്രധാന തടസ്സമെന്ന് പറയപ്പെടുന്നു. പഞ്ചായത്ത് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങൾ പോലും പാർക്ക് ചെയ്യാനിടമില്ല. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളുടെ കാര്യം പറയാനില്ല.
പഞ്ചായത്ത് വാഹനം തന്നെ പാർക്ക് ചെയ്യണമെങ്കിൽ ഓഫിസ് സമയം കഴിയേണ്ട അവസ്ഥയാണ്. പുറത്ത് പാർക്കു ചെയ്താൽ നിയമലംഘനം, ഗതാഗത തടസ്സം എന്ന പേരിൽ പൊലീസിന്റെ വക പിഴയുണ്ടാകും. കുറച്ച് മാറ്റി പാർക്ക് ചെയ്താൽ വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സമാകും.
ജനസേവനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പഞ്ചായത്ത് ഓഫിസുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായി സോഫ്റ്റ് വെയറുകൾ അപ്ഡേറ്റ് ചെയ്യാനായി താൽക്കാലിക നിയമനം കൊടുക്കുന്നവർക്ക് ഇരിപ്പിടമെങ്കിലും ഒരുക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
എല്ലാം സ്മാർട്ടാണെന്ന് അവകാശപ്പെടുമ്പോഴും അരൂക്കുറ്റി പഞ്ചായത്ത് സ്മാർട്ടല്ല എന്ന് തന്നെ പൊതുജനം വിലയിരുത്തി കഴിഞ്ഞു. പഞ്ചായത്തിന് ചുറ്റും ഭൂമി കിട്ടാൻ മാർഗമില്ലാത്തതിനാൽ കെട്ടിട നിർമാണച്ചട്ടത്തിൽ ഇളവ് നൽകി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിന് സർക്കാറിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണ് ഈ പഞ്ചായത്ത് ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.