അരൂക്കുറ്റിയിൽനിന്ന് ബോട്ട് സർവിസ്; പരീക്ഷണ ഓട്ടം ഭാഗിക വിജയം
text_fieldsവടുതല: അരൂക്കുറ്റിയിൽനിന്ന് ബോട്ട് സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച പരീക്ഷണ ഓട്ടം നടത്തി. പാണാവള്ളി ബോട്ട് സ്റ്റേഷനിലെ എസ് -35 സ്റ്റീൽ ബോട്ടാണ് അരൂക്കുറ്റിയിൽനിന്ന് പനങ്ങാട്ടേക്കും തിരിച്ച് അരൂക്കുറ്റിയിലേക്കും പരീക്ഷണാർഥം ഓടിയത്.
അരൂക്കുറ്റിയിൽ ബോട്ട് അടുത്തെങ്കിലും കുറച്ച് ശ്രമകരമായിരുന്നു. ഊന്ന് കുറ്റികൾ ഇല്ലാത്തതും വടക്കേ മാട്ട ഭാഗത്തുനിന്ന് ബോട്ട് തിരിഞ്ഞ് വരുന്നതിലുള്ള പ്രയാസവും ഉണ്ടായതായി ജീവനക്കാർ പറഞ്ഞു.
പനങ്ങാട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കാനേ കഴിഞ്ഞില്ല. എക്കലടിഞ്ഞതിനാൽ ജെട്ടിക്ക് 20 മീറ്റർ അകലെ വരെയെ ബോട്ട് എത്തിയുള്ളൂ. ജെട്ടിയുടെ ആഴക്കുറവ് തന്നെയാണ് പ്രശ്നമായി മാറിയത്. ഈ ഭാഗത്തെ എക്കൽ നീക്കം ചെയ്ത് മണ്ണ് മാറ്റി ബോട്ട് ചാൽ ഉണ്ടാക്കണം.ഭാരക്കൂടുതലുള്ള സ്റ്റീൽ ബോട്ടോ, വേഗ ബോട്ടോ അരൂക്കുറ്റിയിൽനിന്ന് എറണാകുളം തേവര ജെട്ടിയിലേക്ക് യാത്ര നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് മേധാവി ഷാജി വി. നായർ അറിയിച്ചിട്ടുണ്ട്.
അരൂരിലെ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട വാഹനത്തിരക്കിൽ യാത്രക്കാർക്ക് എറണാകുളത്തേക്ക് എത്താനുള്ള ബദൽ മാർഗമായി ഇത് പ്രയോജനപ്പെടുത്താൻ കഴിയും. അരൂക്കുറ്റി ബോട്ട് ജെട്ടിയിൽ ബോട്ട് അടിപ്പിക്കാൻ സഹായകരമാകുന്ന ഊന്ന് കുറ്റികളും മറ്റു ചില സാങ്കേതിക കാര്യങ്ങളും ഭാഗമായി ഒരുക്കേണ്ടതുണ്ട്.
പനങ്ങാട് ബോട്ട് ജെട്ടിയുടെ ആഴം വർധിപ്പിക്കുന്നതിൽ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദലീമ ജോജോ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.