വരദരാജൻ; അരൂക്കുറ്റിയിലെ കോയിൻ മാൻ
text_fieldsവടുതല: വിവിധതരം നാണയങ്ങളുടെ അമൂല്യ ശേഖരവുമായി വരദരാജൻ അരൂക്കുറ്റിയുടെ കോയിൻ മാനാവുകയാണ്. അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് വേലിക്കകത്ത് വി.കെ. വരദരാജന്റെ (68) നാണയ ശേഖരത്തിൽ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെയെല്ലാം നാണയമുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായുള്ള കോയിനുകൾ ഉൾപ്പെടെ ധാരാളം ഇന്ത്യൻ കോയിനുകളും ജോർജ് അഞ്ചാമന്റെയും ആറാമന്റെയുമൊക്കെ ചിത്രം പതിപ്പിച്ച വളരെ പഴയ നാണയങ്ങളും ശേഖരത്തിൽ കാണാം.സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം പുറത്തിറക്കിയ എല്ലാ പ്രത്യേക നാണയങ്ങളും മഹാത്മാഗാന്ധി, നെഹ്രു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ചരിത്രപ്രസിദ്ധമായ നാണയങ്ങളും ശേഖരത്തിലുണ്ട്.ഓരോ രാജ്യത്തിന്റെയും അതത് കാലഘട്ടത്തിലെ സംസ്കാരത്തിന്റെയും, കലയുടെയും, സാമ്പത്തിക സ്ഥിതിയുടെയും നേർ ചിത്രങ്ങളാണ് അതത് കാലത്തെ നാണയങ്ങളെന്നാണ് വരദരാജന്റെ പക്ഷം.
ഇന്ത്യയുടെ ആദ്യകാല നാണയങ്ങളിൽ പലതും അലുമിനിയത്തിലായിരുന്നു എന്ന സവിശേഷതയുണ്ട്. പുരാതനചോള രാജ്യ കാലത്തെയും തിരുവിതാംകൂറിന്റെയും നാണയങ്ങൾ കൂടാതെ ഓട്ട കാലണയും ഒരണയും രണ്ടണയും നാലണയും ഒക്കെ ശേഖരത്തിലുണ്ട്.
‘ഒരു കാശ് ഒരു പണം’ എന്ന തിരുവിതാംകൂർ കാലത്തെ നാണയവുമുണ്ട്. ഏറ്റവും ചെറിയ നാണയം മുതൽ ഏറ്റവും വലിയ ആയിരം രൂപയുടെ നാണയം വരെയുണ്ട്. റിസർവ്ബാങ്കിൽ 3000 രൂപ അടച്ചാൽ മാത്രമാണ് ആയിരം രൂപയുടെ കോയിൻ ലഭിക്കുക. കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്ത് പോലും അതിൽനിന്ന് ഒരു നാണയം പോലും എടുപ്പിച്ചിട്ടില്ലെന്ന് ഭാര്യ ലൈലയുടെ സാക്ഷ്യം.
വരദരാജന്റെ നാണയങ്ങൾ ഒരിക്കൽ പോലും പ്രദർശനത്തിന് വെച്ചിട്ടില്ല. പുരാവസ്തു മാർക്കറ്റിൽ നല്ല വിലയുള്ളതും വലിയ മ്യൂസിയങ്ങളിൽ പോലും കാണാത്ത നാണയങ്ങൾ പോലും ഇദ്ദേഹത്തിന്റ ശേഖരത്തിലുണ്ടാകും. സുമി, സുധീഷ് എന്നിവരാണ് മക്കൾ.
നാണയശേഖരം വയനാടിനായി ലേലം ചെയ്യും
വടുതല: വരദരാജൻ നിധി പോലെ സൂക്ഷിച്ച നാണയശേഖരത്തിന്റെ ഒരു ഭാഗം വയനാടിനായി ലേലം ചെയ്യും. ഡി.വൈ.എഫ്.ഐയുടെ റീബിൽഡ് വയനാട് പദ്ധതിയിലേക്കാണ് നാണയ ആൽബം ഈ 68 കാരൻ സംഭാവനയായി നൽകുന്നത്.
ജീവിതത്തിൽ വൻ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോഴും ജീവനുതുല്യം സ്നേഹിച്ച ഈ നാണയ ശേഖരത്തിൽ നിന്ന് ഒന്ന് പോലും അദ്ദേഹം വിൽക്കാനോ ആർക്കെങ്കിലും കൊടുക്കാനോ ശ്രമിച്ചിരുന്നില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി തന്നാൽ കഴിയുന്നത് ചെയ്യണം എന്ന തോന്നലാണ് ഇപ്പോൾമാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. നാണയ ശേഖരത്തിൽ നിന്നും പത്തെണ്ണം അടങ്ങുന്ന ഒരു ആൽബമാണ് അദ്ദേഹം വയനാടിനായി പങ്കുവെക്കുന്നത്. സ്വാതന്ത്ര്യ സമര പോരാളിയും, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രുവിന്റെ ശതാബ്ദി നാണയങ്ങളാണ് ലേലത്തിന് വിൽക്കാൻ തയ്യാറായിട്ടുള്ളത്. ഇതിലൂടെ കിട്ടുന്ന തുക മുഴുവൻ വയനാടിനായി കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.