അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; യാത്ര ദുഷ്കരം
text_fieldsവടുതല: അരൂർ-തുറവൂർ ഉയരാപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന യാത്രാ ദുരിതം തുടരുമ്പോഴും ബദൽ സംവിധാനമൊരുക്കാതെ ദേശീയ പാത അതോറിറ്റി ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ്.
അരൂക്കുറ്റിയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് ഉണ്ടായിരുന്ന ബോട്ട് സർവിസ് പുനഃസ്ഥാപിക്കുന്നതോടെ ഗതാഗതപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന മുറവിളി ശക്തമായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും മറ്റ് സാമൂഹിക, സാംസ്കാരിക സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് അധികാരികളെ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. സർവിസ് റോഡുകളുടെ ലഭ്യത ഉറപ്പാക്കാതെയുള്ള അശാസ്ത്രീയ നിർമാണം മൂലം യാത്രാദുരിതം ഏറിവരുകയാണ്.
ഹൈകോടതി ഇടപെട്ടിട്ടും റോഡുകളുടെ നിർമാണമോ കുഴിയടക്കലോ കരാർ കമ്പനി പൂർത്തിയാക്കിയിട്ടില്ല. തൊഴിലിനും ചികിത്സക്കും പഠനാവശ്യത്തിന് പോകുന്ന വിദ്യാർഥികളും വ്യാപാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ എറണാകുളത്തേക്കും മറ്റു പരിസരപ്രദേശങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്.
അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എറണാകുളത്തേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് ഗുണകരമാകുന്ന തരത്തിൽ അരൂക്കുറ്റിയിൽനിന്ന് ഇടക്കൊച്ചിയിലേക്കും തേവരയിലേക്കും ബോട്ട് സർവിസും വൈറ്റില ഹബിലേക്ക് വാട്ടർ മെട്രോയും തുടങ്ങണം. അപകടരഹിതവും തിരക്കില്ലാത്ത സുഖകരവുമായ യാത്രക്ക് അരൂക്കുറ്റി-എറണാകുളം ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വൈക്കം-എറണാകുളം അതിവേഗ ബോട്ട് പുനരാരംഭിച്ച് അരൂക്കുറ്റിയിലും സ്റ്റോപ് അനുവദിക്കണം. നിലവിൽ തിരക്കില്ലാത്ത സ്ഥലങ്ങളിൽനിന്ന് ബോട്ട് കൊണ്ടുവന്ന് പരീക്ഷണാർഥം സർവിസ് നടത്തണം. ഉപയോഗശൂന്യമായ അരൂക്കുറ്റി ബോട്ട് ജെട്ടി ഇതിനായി ഉപയോഗപ്പെടുത്താനാകും. കൂടാതെ കാടുകയറി നശിക്കുന്ന പ്രദേശത്തെ ടൂറിസം സാധ്യതയുള്ള ഹബ്ബാക്കി മാറ്റാനും കഴിയും.
അരൂർ ഉയരപ്പാത നിർമാണ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഉയർന്നുവന്ന നിർദേശങ്ങളിൽ ഒന്ന് അരൂക്കുറ്റിയിൽനിന്ന് ബോട്ട് സർവിസ് ആരംഭിക്കുക എന്നതാണ്. ഇത് ചൂണ്ടിക്കാട്ടി എസ്.ഡബ്ല്യു.ടി.ഡി ഡയറക്ടർ കലക്ടർ, മന്ത്രിമാർ എന്നിവർക്ക് സി.പി.എം അരൂക്കുറ്റി നിവേദനം നൽകിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന് കീഴിലുള്ള എസ് 51 ബോട്ട് സ്റ്റീൽ നിർമിത ബോട്ട് ഇവിടെ പരീക്ഷിക്കാവുന്നതാണ്.
ഇതിന് ചെറിയ ആഴത്തിലും ലാൻഡിങ് സാധ്യമാണ്. ബോട്ട് സർവിസ് ആരംഭിച്ചാൽ വലിയ വാഹനത്തിരക്ക് നേരിടുന്ന രാവിലെയും വൈകീട്ടും റോഡിലെ ഗതാഗതം കുറക്കാനാകുകയും ജനങ്ങൾക്ക് ആശ്വാസമാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.