അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനാസ്ഥ തുടർക്കഥ
text_fieldsവടുതല: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനാസ്ഥ തുടർക്കഥയാവുകയാണ്. വികസന സാധ്യതകളും ആവശ്യത്തിലധികം സ്ഥലവുമുണ്ടായിട്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത വിധം അധികാരികളുടെ അനാസ്ഥ തുടരുകയാണ്.
ചെറിയ തുക ഉപയോഗപ്പെടുത്തി ചെയ്യാൻ കഴിയുന്ന ജോലികൾ പോലും നടക്കുന്നില്ല. ആശുപത്രി മാനേജ് കമ്മിറ്റി മുൻകൈയെടുത്ത് ചെയ്യേണ്ട ജോലികൾ ഫണ്ട് ഉണ്ടായിട്ടുപോലും നടത്തുന്നില്ല. ഇതിന്റെ തിക്തഫലമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. രോഗിയുടെ ആയുസ്സിന്റെ ദൈർഘ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
കിടപ്പ് വാർഡിന്റെ മേൽക്കൂരയിലെ സിമന്റ് പാളി അടർന്ന് വീഴുകയായിരുന്നു.
പഴകിയ വയറിങ് സാമഗ്രികളാണ് ആശുപത്രിയിലുള്ളത്. കഴിഞ്ഞ വർഷം ഇലക്ട്രിക് ജോലിക്ക് വേണ്ടി പത്ത് ലക്ഷം അനുവദിച്ചിട്ടും യഥാസമയം ഉപയോഗിക്കാതെ ലാപ്സായി എന്നത് അനാസ്ഥയുടെ തെളിവാണ്. കട്ടിൽ ഉൾപ്പെടെ ഫർണിച്ചർ മിക്കതും തുരമ്പടിച്ച് നശിച്ച നിലയിലാണ്. വെള്ളം മോശമായതിനാൽ രണ്ടുവർഷം മുമ്പ് 2500 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് ജപ്പാൻ കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ കുടിക്കാൻപോലും കിട്ടാത്ത അവസ്ഥയാണ്. ശുചിമുറി ഉപയോഗിക്കാൻ കഴിയാത്ത വിധം ശോച്യമാണ്. ഐസൊലേഷൻ വാർഡ് നിർമാണത്തിനുള്ള സാധന സാമഗ്രികൾ ശുചിമുറിയുടെ മുന്നിലിട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച വാർത്ത ‘മാധ്യമം’ നൽകിയിരുന്നു. പാഴ്മരങ്ങളും മറ്റും വളർന്ന് അതിന്റെ വേരുകളും കൊമ്പുകളും ആശുപത്രിക്കുമേൽ അപകടകരമാം വിധം വളർന്ന അവസ്ഥയാണ്. ഇതെല്ലാം മൂലം നായ്ക്കളുടെയും ഇഴജെന്തുക്കളുടെയും ഭീഷണിയിലാണ് ആശുപത്രിയിലെത്തുന്നവർ.
കിടപ്പുരോഗികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ കരുതൽ
അരൂക്കുറ്റി: കിടപ്പുരോഗികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം അനീസിന്റെ കൈത്താങ്ങ്. കാലഹരണപ്പെട്ട അഞ്ചോളം കട്ടിലുകൾ സുമനസ്സുകളുടെ സഹകരണത്തോടെ വാങ്ങി ആശുപത്രിക്ക് കൈമാറി. ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതിനാൽ കൊതുകുവല കൂടി ഉപയോഗിക്കാൻ കഴിയുന്ന കട്ടിലുകളാണ് നൽകിയത്. കാലപ്പഴക്കംമൂലം തുരുമ്പിച്ച കട്ടിലുകൾ കേടുപാടുകൾ തീർത്ത് പെയിന്റ് ചെയ്ത് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.