അറ്റകുറ്റപ്പണിയില്ല; വടുതല ജങ്ഷൻ-കുടപുറം റോഡ് പൊളിഞ്ഞു
text_fieldsവടുതല: പണിതീർന്ന് ഒരുവർഷം തികയും മുമ്പേ തകർന്ന് തുടങ്ങിയ വടുതല ജങ്ഷൻ-കുടപുറം റോഡിൽ അപകടങ്ങൾ പതിവാകുന്നു. തുടർ അറ്റകുറ്റപ്പണി (റണ്ണിങ് മെയിന്റനൻസ്) കരാറോടെ പൂർത്തീകരിച്ച റോഡായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല. കോൺട്രാക്ടറും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതാണ് ദുഃസ്ഥിതിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്നുവർഷം മുമ്പ് നിർമാണം പൂർത്തിയായ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് എട്ട് മാസമാകുന്നു.
ഇതുവരെ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. റോഡ് തകർന്ന് കിടക്കുന്നതിനാൽ അപകടങ്ങൾ പതിവാകുന്നു. റോഡിലെ കുഴികളിൽ വീഴാതിരിക്കാൻ ഇരുചക്ര വാഹനയാത്രികർ വാഹനം എതിർദിശയിലേക്ക് തെറ്റിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളാണ് കൂടുതൽ. പണി പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ കരാറുകാരന്റെ മൊബൈൽ നമ്പർ ഉൾപ്പെടെ സ്ഥാപിച്ചതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തുടർ അറ്റകുറ്റപ്പണി ഒന്നും നടന്നിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ ഉടൻ ശരിയാക്കുമെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നതത്രേ. നിർമാണം നടത്തിയ ആളല്ല അറ്റകുറ്റപ്പണിയുടെ കരാർ എടുത്തിരിക്കുന്നത്. നിർമാണം പൂർത്തിയാക്കി ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പുല്ലുകൾ വെട്ടിയെന്നും മഴ കഴിഞ്ഞാലുടൻ പുനർ നിർമാണം ആരംഭിക്കുമെന്നുമാണ് അറ്റകുറ്റപ്പണിയുടെ കരാർ എടുത്തയാൾ പറയുന്നത്. നിർമാണവും അറ്റകുറ്റപ്പണിയും രണ്ട് കരാറുകാരായതാണ് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു. അറ്റകുറ്റപ്പണിയുടെ കരാർ എടുത്തയാളെക്കൊണ്ട് പണിനടത്തിക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.