മരംവീണ് യുവാവ് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥ: അപകടം തിരിച്ചറിഞ്ഞിട്ടും മരം വെട്ടിമാറ്റാൻ നടപടിയുണ്ടായില്ല
text_fieldsവടുതല: റോഡിലേക്ക് മരംവീണ് സ്കൂട്ടർ യാത്രികനായ യുവാവിെൻറ ദാരുണാന്ത്യത്തിൽ അധികൃതരുടെ അനാസ്ഥയും. ചേർത്തല-അരുക്കൂറ്റി റോഡിൽ പുതിയപാലം ജങ്ഷനുസമീപത്തെ സ്വകാര്യവ്യക്തിയുടെ പാതി ദ്രവിച്ച പുളിമരമാണ് അപകടമുണ്ടാക്കിയത്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ പാണാവള്ളി പഞ്ചായത്ത് 17ാംവാർഡ് ആന്നലത്തോട് തോട്ടുചിറയിൽ സിറാജുദ്ദീെൻറ ജീവനാണ് പൊലിഞ്ഞത്.
വെള്ളിയാഴ്ച രാത്രി സ്കൂട്ടറിൽ പോകുേമ്പാൾ പുളിമരത്തിെൻറ വലിയശിഖരം വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. അതിെൻറ ആഘാതത്തിൽ വൈദ്യുതിപോസ്റ്റ് സിറാജുദ്ദീെൻറ നെറ്റിയുടെ ഇടതുവശത്തേക്കാണ് വീണത്. പിന്നീടാണ് മരച്ചില്ലകൾ വാഹനത്തിന് മുകളിൽ പതിച്ചത്. വൈദ്യുതിപോസ്റ്റും ശിഖരവും മാറ്റി നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാലപ്പഴക്കത്താൽ ദ്രവിച്ച മരം അപകടം തിരിച്ചറിഞ്ഞിട്ടും നിലനിർത്തിയതാണ് ദുരന്തമുണ്ടാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. രണ്ടുവർഷം മുമ്പ് തന്നെ ദ്രവിച്ചഭാഗം കണ്ടെത്തി പലരും പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. സ്വകാര്യഭൂമിയിലെ മരങ്ങളും നിർമിതികളും കാറ്റിലും മഴയിലും വീണ് അപകടമുണ്ടായാൽ ദുരന്തനിവാരണ നിയമം സെക്ഷൻ 30 (2) വി പ്രകാരം ഉടമക്ക് ഉത്തരവാദിത്തവും നഷ്ടപരിഹാരവും നൽകാനുള്ള ബാധ്യതയുമുണ്ട്.
പൊള്ളയായ പുളിമരത്തിെൻറ അപകടാവസ്ഥ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവർ നടപടിയെടുക്കാത്തതും ഗുരുതര വീഴ്ചയാണ്. മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബിക്കും ദുരന്തനിവാരണത്തിെൻറ ഭാഗമായി മരം വെട്ടിമാറ്റുന്നതിന് പഞ്ചായത്തിനും അധികാരമുണ്ട്. മേഖലയിൽ ഇത്തരം നിരവധി മരങ്ങൾ അപകടഭീഷണിയിലുണ്ട്. എന്നാൽ, രേഖാമൂലം പരാതി കിട്ടിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പൊതുമരാമത്ത് ഓവർസിയർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി ചേർത്തല ഡിവിഷൻ എ.ഇ ജിഷ രാമചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് സിറാജുദ്ദീെൻറ പിതാവ് അബ്ദുൽകരീം മുസ്ലിയാർ കോവിഡ് ബാധിച്ച് മരിച്ചത്. പരിചരണത്തിന് കൂടെയുള്ളതിനാൽ വീട്ടിൽ ക്വാറൻറീനിലായിരുന്നു. സബീനയാണ് ഭാര്യ. നെഗറ്റീവായതോടെ മൂത്തമകൻ അദ്നാനെ വടുതല ജമാഅത്ത് ഹയർസെക്കൻഡറിയിലേക്ക് എട്ടാംക്ലാസിലേക്ക് മാറ്റിചേർത്തത് കഴിഞ്ഞദിവസമാണ്. രണ്ടാമത്തെ മകൾ അജ്വ പഠിക്കുന്ന നദ്വത്തുൽ ഇസ്ലാം സ്കൂളിലെത്തി പാഠപുസ്തകങ്ങളും വാങ്ങി. ഇളയമകൻ അമീൻ സയാന് ഒരുവയസ്സ് മാത്രമാണുള്ളത്.
നാടിെൻറ ദുഃഖമായി സിറാജിെൻറ വേർപാട്
വടുതല: പുതിയ പാലത്തിനുസമീപം മരം വീണുണ്ടായ അപകടത്തിൽ പൊലിഞ്ഞത് നാട്ടുകാർക്ക് പ്രിയങ്കരനായ, പൊതുപ്രവർത്തന രംഗത്തെ സൗമ്യസാന്നിധ്യം. പാണാവള്ളി ആന്നലത്തോട് തോട്ടുചിറയിൽ സിറാജുദ്ദീെൻറ (42) ആകസ്മിക വേർപാടിെൻറ െഞട്ടലിലാണ് നാട്.
ജമാഅത്തെ ഇസ്ലാമി ആന്നലത്തോട് ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം എറണാകുളം കലൂർ ദഅ്വ മസ്ജിദ് സ്ഥാപനങ്ങളുടെ മാനേജരായി സേവനമനുഷ്ഠിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച പിതാവ് അബ്ദുൽ കരീമിനെ പരിചരിക്കാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടുനിന്നതിനാൽ രണ്ടാഴ്ചയായി ക്വാറൻറീനിലായിരുന്ന സിറാജ് അതിനുശേഷം ആദ്യമായി ജോലിക്കുപോയ ദിവസമായിരുന്നു ദാരുണ അപകടം. തലേദിവസം ഇന്ധന വിലവർധനക്കെതിരെ പെട്രോൾ പമ്പിന് മുന്നിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച നിൽപ് സമരത്തിൽ പെങ്കടുത്തിരുന്നു. ലക്ഷദ്വീപ് ഐക്യദാർഢ്യ പരിപാടിയിലും സിറാജ് സാന്നിധ്യമറിയിച്ചിരുന്നു. മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായ അദ്ദേഹം സൗമ്യമായ ഇടപെടലിലൂടെ നാട്ടുകാരുടെ മനംകവർന്നിരുന്നു.
വാടാനപ്പള്ളി ഇസ്ലാമിയ കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ അദ്ദേഹം കലൂർ ദഅ്വ മസ്ജിദ് കേന്ദ്രീകരിച്ചും അധ്യാപന -ജനസേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആന്നലത്തോട് ഹിറാ മദ്റസയിൽ ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അൻസാരിയുമായി അപകടത്തിന് മണിക്കൂറുകൾ മുമ്പാണ് ഫോണിൽ സംസാരിച്ചത്. മദ്റസ നടത്തിപ്പിൽ മുഖ്യ പങ്കുവഹിച്ചിരുന്നതും സിറാജാണ്. വെൽഫെയർ പാർട്ടി പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം സത്താർ ആന്നലത്തോട് സഹോദരനാണ്.
തുറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പാണാവള്ളി മണപ്പുറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
സഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്
വടുതല: മരംവീണ് മരിച്ച സംഭവം പ്രകൃതിദുരന്തമായി ഉൾപെടുത്തി സഹായം നൽകുമെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
വില്ലേജ് ഓഫിസർ സംഭവസ്ഥലത്തെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. മഴയുടെ തീവ്രതയിൽ മരംവീണാണ് അപകടം. കാലവർഷക്കെടുതിയിൽ ഉൾപെടുത്തിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട്.
സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിൽക്കുന്ന പുളിമരം പുറമേ നോക്കിയാൽ കേടുപാടുകൾ കാണാൻ കഴിഞ്ഞിരുന്നില്ല. മറിഞ്ഞുവീണശേഷമാണ് പലരും തിരിച്ചറിഞ്ഞത്. നന്നായി കായ്ഫലം തരുന്ന മരത്തിെൻറ മുകൾഭാഗത്തിന് കുഴപ്പമുണ്ടായിരുന്നില്ല. പഞ്ചായത്തിെൻറ പരിധിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.