പ്രകാശഗോപുരത്തിൽ വിളക്കുകൾ തെളിയുന്നു; വലിയഴീക്കൽ തീരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും
text_fieldsആറാട്ടുപുഴ: വലിയഴീക്കൽ തീരത്ത് മാനംമുട്ടെ ഉയർന്ന പ്രകാശഗോപുരത്തിൽ ഉടൻ വിളക്കുകൾ തെളിയും. വിനോദസഞ്ചാരികൾക്ക് ആനന്ദം പകരുന്നതും മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും ഏറെ ഗുണപ്പെടുന്നതുമായ ലൈറ്റ് ഹൗസിെൻറ നിർമാണം അവസാന ഘട്ടത്തിലാണ്.
ലിഫ്റ്റിെൻറ പണിയാണ് പൂർത്തിയാകാനുള്ളത്. ഇതിെൻറ സാധനസാമഗ്രികൾ എത്തിക്കഴിഞ്ഞു. ഈ മാസത്തോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാർ ഏറ്റെടുത്ത അലി അസോസിയേറ്റ്സ് അധികൃതർ പറഞ്ഞു. ഫെബ്രുവരിയിൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും.
2012ൽ യു.പി.എ സർക്കാറിെൻറ കാലത്ത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസാണ് വലിയഴീക്കലിൽ ലൈറ്റ് ഹൗസ് നിർമിക്കാൻ തീരുമാനമെടുത്തത്. എം.പിയും കേന്ദ്രമന്ത്രിയും എന്ന നിലയിൽ കെ.സി. വേണുഗോപാൽ നടത്തിയ ഇടപെടലാണ് ഇതിന് വഴിതെളിച്ചത്.
മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിത കടൽ യാത്ര ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം.
9.18 കോടിയാണ് നിർമാണച്ചെലവ്. 38 മീറ്റർ ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെയാണ് ലൈറ്റ് ഹൗസ് ടവർ നിർമിക്കുന്നത്. ഉയരത്തിെൻറ കാര്യത്തിൽ കേരളത്തിൽ രണ്ടാമത്തേതാണ്. ലൈറ്റ് ഹൗസ് മ്യൂസിയം, സാങ്കേതിക ക്രമീകരണങ്ങൾ, വിനോദസഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ടാകും.
കൊല്ലം തങ്കശ്ശേരിക്കും ആലപ്പുഴക്കുമിടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ധാരാളമുണ്ട്. ഈ ഭാഗത്ത് കടലിൽ അപകടങ്ങൾ ഏറിവരുന്ന സാഹചര്യം കണക്കിലെടൂത്തുകൂടിയാണ് ലൈറ്റ് ഹൗസ് പദ്ധതി ആവിഷ്കരിച്ചത്. കടലിൽ 20 നോട്ടിക്കൽ മൈൽ ദൂരം വരെ പ്രകാശ സിഗ്നൽ ലഭിക്കും. രാത്രികാല മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് ലൈറ്റ് ഹൗസ് ഏറെ ഉപകാരപ്രദമാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾക്കും ഉപകാരപ്പെടും.
കൂടാതെ, അന്താരാഷ്ട്ര കപ്പൽ ചാലിനടുത്ത് ലൈറ്റ് ഹൗസ് വരുന്നത് കപ്പലുകൾക്കും ഒപ്പം തീരസുരക്ഷക്കും ഗുണകരമാകും.പദ്ധതിക്ക് ആവശ്യമായ 45 സെൻറ് സ്ഥലത്തിൽ 24 സെൻറ് ആറാട്ടുപുഴ പഞ്ചായത്ത് ദീർഘകാല പാട്ടവ്യവസ്ഥയിൽ നൽകിയതാണ്. ശേഷിക്കുന്ന 21 സെൻറ് സ്ഥലം സ്വകാര്യവ്യക്തിയിൽനിന്നാണ് ഏറ്റെടുത്തത്. ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് കായംകുളം പൊഴിക്ക് കുറുകെ സ്ഥാപിക്കുന്ന പാലത്തിെൻറ നിർമാണവും ഇവിടെ പുരോഗമിക്കുകയാണ്. കടലും കായലും ഒന്നിക്കുന്ന ഈ തീരത്ത് കണ്ണിന് കുളിർമ നൽകുന്ന ഒട്ടേറെ കാഴ്ചകൾ വേെറയുമുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ആറാട്ടുപുഴ പഞ്ചായത്തിെൻറ തെക്കേ അറ്റമായ വലിയഴീക്കൽ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.