വികസനമില്ല; മേനി സ്മാരക സ്കൂളിന് തീണ്ടാപ്പാട് അകലം
text_fieldsകായംകുളം: ഓണാട്ടുകരയിലെ വിപ്ലവ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന 'മേനി സമരത്തിന്‍റെ' ചരിത്രസ്മാരകമായ Vallikunnam Meni Memorial Schoolഅരനൂറ്റാണ്ട് പിന്നിടുമ്പോൾ അവഗണനയുടെ തുരുത്തിൽ. ജില്ലയിലെ പട്ടികജാതി വിഭാഗത്തിന്‍റെ ഏക സ്കൂളിനോട് അധികൃതർ എന്നും തീണ്ടാപ്പാട് അകലം പുലർത്തുകയായിരുന്നു. 54 വർഷത്തെ പാരമ്പര്യമുണ്ടായിട്ടും അപ്പർ പ്രൈമറിയായിപ്പോലും ഉയരാൻ കഴിയാതിരുന്നതിലെ 'അയിത്തമാണ്' ചോദ്യംചെയ്യപ്പെടുന്നത്. കേരള ഹരിജൻ പ്രോഗ്രസിവ് സൊസൈറ്റി മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് നിലവിലെ തർക്കങ്ങളും കോടതി വ്യവഹാരങ്ങളും യഥാസമയം ഇടപെട്ട് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതും സ്കൂളിന്‍റെ പുരോഗതിക്ക് തടസ്സമായി. മേനിയുടെ പിന്മുറക്കാരാരും കമ്മിറ്റിയിൽ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
അയിത്തവും അനാചാരങ്ങളും ജന്മിത്വവാഴ്ചയും കൊടികുത്തിനിന്ന കാലത്ത് വള്ളികുന്നത്തെ മണ്ണിൽ വിപ്ലവം ജ്വലിപ്പിച്ച 'മേനി സമരത്തിന്‍റെ' അടയാളം കൂടിയായ സ്കൂൾ ചരിത്രപാരമ്പര്യത്തിന്‍റെ സാക്ഷ്യപത്രമാണെന്നതും ബോധപൂർവം വിസ്മരിക്കപ്പെട്ടു. 1953ലാണ് 'മേനി സമരം' അരങ്ങേറുന്നത്. കർഷക തൊഴിലാളി യൂനിയന്‍റെ നേതൃത്വത്തിലെ സമരം 54 ദിവസമാണ് നീണ്ടത്. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ പാകിയ സമരമെന്നായിരുന്നു വിശേഷണം. 1968ലാണ് കടുവിനാലിൽ മേനിയുടെ സ്മാരകമായി എൽ.പി സ്കൂൾ സ്ഥാപിക്കുന്നത്. പട്ടികജാതി ഉന്നമനമായിരുന്നു ലക്ഷ്യം.
ഒരേക്കറോളം സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന്‍റെ വികസന സാധ്യതകൾ പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. അവഗണനയുടെ പിന്നാമ്പുറത്തായിരുന്ന ഒരു സമുദായം കടുത്ത ത്യാഗം സഹിച്ചാണ് സ്കൂളിനെ തുടക്കത്തിൽ മുന്നോട്ട് ചലിപ്പിച്ചത്.കൊണ്ടോടി മുകൾഭാഗത്തെ പട്ടികജാതി കുടുംബങ്ങളിൽനിന്നുള്ള കുട്ടികളെവരെ വള്ളികുന്നം പുഞ്ചയിലൂടെ വള്ളത്തിൽ എത്തിച്ചാണ് ഡിവിഷനുകൾ നിലനിർത്തിയത്.പിന്നീട് എല്ലാ വിഭാഗവും സ്കൂളിനെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ 150 ഓളം കുട്ടികളും അഞ്ച് അധ്യാപകരുമുള്ള മേഖലയിലെ മികച്ച സ്കൂളാണ്. പ്രീപ്രൈമറിയിൽ 40 ഓളം കുട്ടികളും എത്തുന്നു. നാലുലക്ഷം രൂപ മുടക്കിയ പഞ്ചായത്ത് ശുചിമുറിയും ആർ. രാജേഷ് എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള ആറുലക്ഷം രൂപയുടെ പാചകപ്പുരയുമാണ് ആകെയുണ്ടായ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.