പച്ചക്കറിക്ക് പൊള്ളും വില; കരയിപ്പിച്ച് പച്ചമുളക്
text_fieldsആലപ്പുഴ: മഴ കനത്തതിനൊപ്പം മറ്റ്സംസ്ഥാനങ്ങളിൽനിന്ന് വരവ് നിലച്ചതോടെ പച്ചക്കറിക്ക് പൊള്ളുംവില. തക്കാളി, പച്ചമുളക്, ഇഞ്ചി, ബീൻസ്, വെളുത്തുള്ളി എന്നിവയുടെ വില ഇരട്ടിയായി. സീസണിൽ ഏറ്റവും കൂടുതൽ വില കൂടിയത് പച്ചമുളകിനും തക്കാളിക്കുമാണ്. കഴിഞ്ഞയാഴ്ച 54 രൂപക്ക് വിറ്റ തക്കാളിക്ക് കിലോക്ക് 110 രൂപയായി. നാടൻ തക്കാളിക്ക് 90 രൂപയാണ് വില. അതുംകിട്ടാനില്ലാത്ത സ്ഥിതിയാണ്. മൈസൂർ മാർക്കറ്റിൽനിന്നാണ് പ്രധാനമായും തക്കാളി എത്തുന്നത്.
തമിഴ്നാട്, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങിൽ പച്ചക്കറിയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെയാണ് തക്കാളി താരമായി മാറിയത്. സീസണിലെ ഏറ്റവും ഉയർന്ന വിലയാണിതെന്ന് വ്യാപാരികൾ പറഞ്ഞു. ഒരുപെട്ടി തക്കാളിക്ക് 2400 രൂപയാണ് മൊത്തവില. പച്ചമുളകിെൻറ കാര്യത്തിൽ പിടിവിട്ടാണ് വിലക്കയറ്റം.
കഴിഞ്ഞയാഴ്ച 100 രൂപക്ക് വിറ്റ പച്ചമുളകിെൻറ മാർക്കറ്റ്വില 135 ആയി ഉയർന്നു. ഇഞ്ചിയുടെ വില കിലോക്ക് 200 രൂപ പിന്നിട്ടു. കഴിഞ്ഞയാഴ്ച 180 രൂപയായിരുന്നു വില. വെളുത്തുള്ളിക്കും ബീൻസിനും വിലയേറി.
110 രൂപയായിരുന്ന വെളുത്തുള്ളി കിലോക്ക് 140 രൂപയും 70 രൂപക്ക് വിറ്റിരുന്ന ബീൻസിന് 90 രൂപയുമായി. മുരിങ്ങക്ക -50, കാബേജ് -65, കാരറ്റ് -80, പയർ -50 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. കിലോക്ക് 40 രൂപയുണ്ടായിരുന്ന ഏത്തപ്പഴം 55 രൂപക്കാണ് വിൽക്കുന്നത്.
ചെറിയ ഉള്ളി 65ൽനിന്ന് 75 രൂപയിലേക്ക് കുതിച്ചു. സവാളയും കിഴങ്ങും ഒഴിച്ച് ബാക്കിയെല്ലാത്തിനും ഒരാഴ്ചകൊണ്ടാണ് വിലകയറിയത്. സവാളക്ക് കിലോക്ക് 20 രൂപയും കിഴങ്ങിന് 25 രൂപയുമാണ് വില. ചെറുനാരങ്ങയുടെ വിലയും ആശ്വാസമാണ്. നൂറിന് മുകളിൽ കിലോക്ക് വിറ്റ ചെറുനാരങ്ങ 30 രൂപയിലേക്കാണ് താഴ്ന്നത്. പച്ചമാങ്ങക്ക് കിലോക്ക് 50 രൂപ നൽകണം.
കുമ്പളങ്ങ, ബീറ്റ്റൂട്ട്, വെള്ളരി അടക്കമുള്ളവക്ക് വലിയ വിലക്കയറ്റമില്ല. പച്ചക്കറി കേരളത്തിലേക്ക് എത്തുന്ന കര്ണാടകയിലും ആന്ധയിലും തമിഴ്നാട്ടിലും ഉൽപാദനം കുറഞ്ഞതാണ് അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.