വേമ്പനാട്ട് കായൽ പുനരുജ്ജീവനം രണ്ടാം ഘട്ടം; 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
text_fieldsപുന്നമട ഫിനിഷിങ് പോയന്റിൽ നടന്ന ശുചീകരണം കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ല ഭരണകൂടവും റോട്ടറി ക്ലബും സംഘടിപ്പിച്ച പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിന്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി.
ശനിയാഴ്ച രാവിലെ പുന്നമട ഫിനിഷിങ് പോയന്റിൽ നടന്ന ശുചീകരണം കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷതവഹിച്ചു. പുന്നമട ഫിനിഷിങ് പോയന്റിൽ ആരംഭിച്ച മെഗാ ശുചീകരണം തുടര്‍ന്ന് കുട്ടനാടൻ ഭാഗങ്ങളിലെ ഉൾക്കായലുകളിൽ 75 ചെറുവള്ളങ്ങളിലായി നടന്നു. 160 മത്സ്യത്തൊഴിലാളികൾ, 65 കുടുംബശ്രീ പ്രവർത്തകർ, നഗരസഭയുടെ 60 ശുചീകരണത്തൊഴിലാളികൾ, റോട്ടറി ആലപ്പുഴ റവന്യൂ ജില്ല ക്ലബിലെ 60 അംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തില്‍ പങ്കെടുത്തു.
ശേഖരിച്ച 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം നഗരസഭ എം.സി.എഫിലേക്ക് മാറ്റി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്റാറന്റുകളും ശുചീകരണത്തിൽ പങ്കാളികളായി. ജില്ലയില്‍ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശുചീകരണം തുടര്‍ച്ചയായി നടക്കുന്നത്.
നരഗസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, ആർ. വിനിത, എം.ആർ. പ്രേം, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി, ഡി.ടി.പി.സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ.സി. പ്രദീപ്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥർ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അരൂരിലെ ശുചീകരണം 26ന്
അരൂർ: കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള കാമ്പയിന്റെ ഭാഗമായി അരൂർ പഞ്ചായത്തിൽ കായൽ മാലിന്യ നിർമാർജന യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിന് കളമൊരുങ്ങുന്നു. മാർച്ച് 26ന് വെളുത്തുള്ളി കായലോരത്താണ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം.
രാവിലെ ഏഴിന് ആരംഭിക്കുന്ന യജ്ഞം 11 മണിയോടെ സമാപിക്കും. ആലോചന യോഗത്തിൽ അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, ഇ.വി. തിലകൻ, എം.പി. ബിജു, ബി.കെ. ഉദയകുമാർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സഞ്ജു, റെജി മാവേലി, 327ാം നമ്പർ ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.