അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന: മൂന്നിടത്ത് ക്രമക്കേട്
text_fieldsആലപ്പുഴ: വിജിലൻസ് നടത്തിയ പരിശോധനയിൽ ജില്ലയിൽ മൂന്ന് അക്ഷയ കേന്ദ്രങ്ങളിൽ ക്രമക്കേട് കണ്ടെത്തി.ആലപ്പുഴ, കായംകുളം, ചേർത്തല എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരാതികളുടെ അടിസ്ഥാനത്തിൽ തിരക്കേറിയതും ഇടപാടുകൾ കൂടുതലും നടക്കുന്ന മൂന്നു കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
നിശ്ചയിച്ച ഫീസ് നിരക്കിനെക്കാൾ കൂടുതൽ തുകയാണ് ഇടപാടുകാരിൽനിന്ന് വാങ്ങുന്നതെന്നാണ് പ്രധാനമായും കണ്ടെത്തിയ ക്രമക്കേട്. ഇടപാടുകാരിൽനിന്ന് പലതരത്തിലുള്ള ഫീസാണ് ഈടാക്കുന്നത്. ഇതിന് രസീതും നൽകുന്നില്ല. അക്ഷയകേന്ദ്രങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല.
കൂടാതെ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരുടെ വിവരങ്ങൾ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചതായി കണ്ടെത്തി. അക്ഷയകേന്ദ്രങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല അക്ഷയ ജില്ല ഓഫിസർക്കാണ്. എന്നാൽ, ഇത്തരത്തിൽ പരിശോധകനൾ ഒരിടത്തും നടക്കുന്നില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിൽ എത്തിയ ഇടപാടുകാരുടെ മൊഴികൾകൂടി കണക്കിലെടുത്താണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയത്. പരിശോധനയുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.