റേഷൻ കടകളിൽ വിജിലൻസ് പരിശോധന; മൂന്നിടത്ത് ക്രമക്കേട് കണ്ടെത്തി
text_fieldsആലപ്പുഴ: റേഷൻ കടയിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ മൂന്നിടത്ത് ക്രമക്കേട് കണ്ടെത്തി. ഓപറേഷൻ സുഭിക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കായംകുളം എ.ആർ.ഡി-193, തകഴി എ.ആർ.ഡി-257, ചന്തിരൂർ എ.ആർ.ഡി-43 എന്നീ കടകളിലാണ് ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തിയത്. ചിലയിടങ്ങളിൽ സ്റ്റോക്കിനേക്കാൾ കുറവും ചിലയിടത്ത് കൂടുതലുമായിരുന്നു. മറ്റിടങ്ങളിൽ സൗജന്യമായി അരി നൽകുന്നില്ലെന്ന വീഴ്ചയും പിടികൂടി.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ വിതരണത്തിലും വീഴ്ചയുണ്ടായിട്ടുണ്ട്. പട്ടികവിഭാഗത്തിൽപെട്ട കാർഡുടമകൾക്ക് ഈ പദ്ധതിയെക്കുറിച്ച് ധാരണയില്ല. അതിനാൽ റേഷൻ കടക്കാർ ഈ വിഭാഗങ്ങളിൽപെട്ടരുടെ അരി നിഷേധിച്ചാണ് മറിച്ചുവിൽപന. ഇത്തരത്തിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ മറിച്ചുവിൽക്കുന്നുണ്ടെന്നും കാർഡുടമകൾക്ക് അർഹതപ്പെട്ട അളവിൽ ലഭിക്കുന്നില്ലെന്നും വിജിലൻസിന് ലഭിച്ച പരാതിയിലാണ് പരിശോധന നടത്തിയത്.
ആലപ്പുഴ ഉൾപ്പെടെ ഏഴ് ജില്ലകളിൽ നടത്തിയ പരിശോധനക്ക് വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, ഇൻസ്പെക്ടർമാരായ സുനിൽ, രാജേഷ്, പ്രശാന്ത്, എ.എസ്.ഐമാരായ, ബൈജു, ജയലാൽ, സി.പി.ഒമാരായ ലിജു, ഗീതു, രജനി എന്നിവർ നേതൃത്വം നൽകി. അതേസമയം, റേഷൻ കടക്കാരെ ഉപദ്രവിക്കാനാണ് പരിശോധനയെന്ന് റേഷൻ വ്യാപാരികൾ ആരോപിച്ചു.കുടിശ്ശികയായ കമീഷൻ ആവശ്യപ്പെട്ടതും പ്രക്ഷോഭം നടത്താൻ ഒരുങ്ങിയതിന്‍റെയും പ്രതികാരമായാണ് നടപടിയെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.