വിഷുക്കണിക്കായി നാടൊരുങ്ങി; വിപണിയും; പച്ചക്കറിക്ക് വിലവർധനയില്ല
text_fieldsആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെ കടയിൽ വിൽപനക്കായി തയാറാക്കിയ കൃഷ്ണവിഗ്രഹവും പ്ലാസ്റ്റിക് കൊന്നപ്പൂക്കളും
ആലപ്പുഴ: വിഷുക്കണി കാണാൻ നാടൊരുങ്ങിയതോടെ ‘നഗരം’ ആഘോഷത്തിരക്കിൽ. വിഷു ആഘോഷങ്ങൾക്കുള്ള അവസാനവട്ട ഒരുക്കത്തിലേക്ക് കടക്കുമ്പോൾ വിപണിയും സജീവമാണ്. വിഷുക്കണിയുടെ പ്രധാന ആകർഷണം കണിവെള്ളരിയാണ്. നല്ല നാടൻ മഞ്ഞനിറത്തിലെ വെള്ളരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് കിലോക്ക് 15 രൂപയാണ് മൊത്തവ്യാപാരവില. ചില്ലറവില കിലോക്ക് 30 രൂപയും. കണിവെക്കാനുളള മത്തന് കിലോക്ക് 30 രൂപയാണ് വില.
മുൻവർഷത്തെ അപേക്ഷിച്ച് പച്ചക്കറിക്ക് വലിയ വിലവർധനയില്ല. ബീൻസിന് മാത്രമാണ് വില കൂടിയിട്ടുള്ളത്. അച്ചിങ്ങ-30 (നാടൻ-50), മുരിങ്ങക്ക-15, തക്കാളി- 20, കിഴങ്ങ്- 20, ഉള്ളി- 40, ഏത്തയ്ക്ക-60 എന്നിങ്ങനെയാണ് മൊത്തവ്യാപാരവില. മുല്ലയ്ക്കൽ തെരുവിലും പരിസരപ്രദേശങ്ങളിലും കൊന്നപ്പൂവിനൊപ്പം പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്കും ആവശ്യക്കാർ ഏറെയാണ്.
പൂത്തുലഞ്ഞ് പ്ലാസ്റ്റിക് കൊന്നകൾ
ഇക്കുറി നാടുനീളെ കൊന്ന നന്നായി പൂത്തിരുന്നെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ വേനൽമഴയിൽ പൂക്കൾ കൊഴിഞ്ഞുവീണു. അതിനാൽ മുൻവർഷങ്ങളിലേക്കാൾ കണിക്കൊന്ന മരങ്ങളും കാണാനില്ല. ഉള്ളയിടങ്ങളിലെ പൂക്കൾ ഭൂരിഭാഗവും ഡിസംബർ-ജനുവരി മാസങ്ങളിൽ തന്നെ പൂത്തുതുടങ്ങിയിരുന്നു. മാർച്ച് അവസാനമായപ്പോഴേക്കും പൂക്കൾ കൊഴിഞ്ഞുവീണു. നിലവിൽ പൂത്തുനിൽക്കുന്നവ കനത്ത ചൂടിൽ വാടിക്കൊഴിയുന്നുമുണ്ട്.
പൂവിന്റെ ക്ഷാമം കണക്കിലെടുത്ത് പ്ലാസ്റ്റിക് കൊന്നപ്പൂവ് വിപണിയിലുണ്ട്. പലതും യഥാർഥ പൂവിനെ വെല്ലുന്നവയാണ്. ഏറെയും പ്ലാസ്റ്റിക്, തുണി എന്നിവകൊണ്ടുള്ള കൊന്നപൂക്കളാണ്. ഇവ വാടുകയും കൊഴിയുകയുമില്ല. ഒരിക്കൽ വാങ്ങിയാൽ പിന്നീട് ഉപയോഗിക്കാമെന്നതാണ് സവിശേഷത. 25 രൂപ മുതൽ വിലയുണ്ട്. ഇലയും തണ്ടുമുള്ള പൂങ്കുലയുടെ എണ്ണത്തിനും നീളത്തിനും അനുസരിച്ചാണ് വില ഈടാക്കുന്നത്.
വർണങ്ങൾ നിറച്ച് ‘കണ്ണന്മാർ’
കണി കാണാനുള്ള കൃഷ്ണ വിഗ്രഹങ്ങളുടെയും വിൽപന തകൃതിയാണ്. 100 രൂപ മുതൽ 3000 രൂപ വരെയാണ് പല വലുപ്പത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങളുടെ വില. അന്തർസംസ്ഥാനക്കാർ ആഴ്ചകൾക്ക് മുമ്പേ ദേശീയ പാതയോരത്തും പ്രധാനകേന്ദ്രങ്ങളിലും കൃഷ്ണവിഗ്രങ്ങൾ എത്തിച്ചിരുന്നു. പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ളവയാണിത്.
കറുപ്പിലും നീലയിലും സ്വർണംപൂശിയ നിറത്തിലും തിളങ്ങുന്ന കണ്ണന്മാർക്കാണ് ഡിമാൻഡ്. ഫൈബറിന് വില കൂടുതലാണ്. ഇതുകൂടാതെ പ്ലാസ്റ്റർ ഓഫ് പാരീസ്, ഫൈബർ, മണ്ണ് തുടങ്ങിയവകൊണ്ട് നിർമിക്കുന്നവയുമുണ്ട്. വിഷുക്കണിത്താലങ്ങളെ സമ്പന്നമാക്കുന്ന ചെറിയ ചക്ക, വെറ്റില, പാക്ക്, നാളികേരം എന്നിവയും നല്ല രീതിയിൽ വിറ്റഴിഞ്ഞു. പതിവ് പോലെ പച്ചക്കറികൾ കൂടുതലും ഇത്തവണയും തമിഴ്നാട്ടിൽ നിന്നാണ് വിപണികളിലെത്തിയത്.
തിരക്കിലമർന്ന് വിപണിയും
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപണിയിലും തിരക്ക്. വിഷുവിന് ആളുകൾക്ക് കണിയും കൈനീട്ടവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിഷുക്കോടിയും. സെറ്റ് മുണ്ടും ഷർട്ടും സെറ്റ് സാരിയും തേടിയാണ് കൂടുതൽ ആളുകൾ തുണിക്കടയിലേക്ക് എത്തിയത്. ഒരേ ഡിസൈനിലുള്ള മുണ്ട്, ഷർട്ട്, സാരി, പട്ടുപാവവാട എന്നിവക്കാണ് ആവശ്യക്കാർ ഏറെയും.
ഓണംവിപണിപോലെ ഗൃഹോപകരണസ്ഥാപനങ്ങളും വൻ ഓഫറുകളുണ്ട്. എ.സി, ടി.വി, ഫ്രിഡ്ജ് തുടങ്ങിയവക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളുള്ളത്. ഇതിനൊപ്പം ഇലക്ട്രോണികസ് വിപണിയും വാഹനവിപണിയും സജീവമാണ്. ഓണംവിപണിയെ പോലെ തന്നെ എല്ലായിടത്തും വലിയ ഓഫറുകളുണ്ട്. വസ്ത്രവിപണിയുടെ ഉണർവിനൊപ്പം പടക്കവിപണിയും സജീവമായി. ശിവകാശി പടക്കങ്ങൾ തിരിച്ചെത്തിയെന്ന പ്രത്യേകതയുണ്ട്. എന്നാൽ, വിപണിയിൽ കൂടുതലായമുള്ളത് ചൈനീസ് പടക്കങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.