വിപ്ലവസൂര്യന് നൂറിന്റെ നിറവിൽ; ആഘോഷമാക്കാൻ നാട്
text_fieldsഅമ്പലപ്പുഴ: കേരളത്തിന്റെ വിപ്ലവസൂര്യന് വി.എസ്. അച്യുതാനന്ദന് നൂറിന്റെ നിറവില്‍. പിറന്നാൾ ആഘോഷം കെങ്കേമമാക്കാൻ നാട്ടുകാർ. പറവൂര്‍ വേലിക്കകത്ത് വീടിന് സമീപത്തെ അസംബ്ലി ജങ്ഷനിലാണ് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വി.എസ് ആരാധകര്‍ ഇവിടെ കൂറ്റന്‍ പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ പായസവിതരണം നടത്തും. വി.എസ്. അച്യുതാനന്ദന്റെ സുഹൃത്ത് അസംബ്ലി പ്രഭാകരന്റെ മകന് കെ.പി. സത്യകീര്‍ത്തി, ഉമേഷ് കുമാര്‍, സുധീര്‍ബാബു, ബൈജു, മനോജ്, അജയകുമാര്‍, ജഗന്ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ 77ാമത് വാര്‍ഷിക വാരാചരണത്തിനും ഇന്ന് തുടക്കമിടുന്നത് സമരനായകന്റെ പിറന്നാൾ ഇരട്ടിമധുരമുള്ളതാക്കും.
വി.എസ് തിരുവനന്തപുരത്ത് മകന് വി.എ. അരുണ്‍കുമാറിനൊപ്പമാണ് ഇപ്പോൾ താമസം. നേരത്തേ പിറന്നാൾ അടക്കം എല്ലാ വിശേഷദിവസങ്ങളിലും തിരക്കുകള്‍ മാറ്റിവെച്ച് സ്വന്തം നാട്ടിൽ എത്തുമായിരുന്നു. വേലിക്കകത്ത് വീട്ടില്‍ എത്തിയിരുന്ന അദ്ദേഹം പഴയകാല സുഹൃത്തുക്കൾക്കൊപ്പം സൗഹൃദം പങ്കിടാനും സമയം കണ്ടെത്തിയിരുന്നു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നായിരുന്നു വി.എസിന്റെ ജനനം. വീട്ടിലെ മോശം സാഹചര്യങ്ങളെത്തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയ വി.എസ്, ആസ്പിന്‍ വാള് കമ്പനിയില്‍ ജോലിക്ക് കയറി. 1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1940ല്‍ 17ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപവത്കരിച്ച നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസ്. അച്യുതാനന്ദനാണ്. സി.പി.എമ്മിന്റെ സ്ഥാപകനേതാവായ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്കാര കമീഷന് അധ്യക്ഷന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.