പൊതുടാപ്പുകളിൽ മിക്കവയിലുമില്ല വെള്ളം: വാട്ടർ അതോറിറ്റിക്ക് തദ്ദേശസ്ഥാപനങ്ങളുടെ കുടിശ്ശിക കോടികൾ
text_fieldsആലപ്പുഴ: ജല അതോറിറ്റി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് മുമ്പെങ്ങോ സ്ഥാപിച്ച ടാപ്പുകളുടെ എണ്ണം കണക്കാക്കി. അവയിൽ പലതിലും വെള്ളമുണ്ടോ എന്ന പരിശോധനയില്ല. പല തദ്ദേശസ്ഥാപനങ്ങളും പരിശോധിക്കാൻ മെനക്കെടുന്നില്ല. കിട്ടാത്ത വെള്ളത്തിനു മാത്രമല്ല, അറ്റകുറ്റപ്പണികൾക്കും അതോറിറ്റിക്ക് പഞ്ചായത്ത്-മുനിസിപ്പൽ-കോർപറേഷനുകൾ പണം നൽകണം. പകുതിപോലും പൊതുടാപ്പുകൾ പ്രവർത്തനക്ഷമമല്ലെന്നതാണ് ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥിതി.
വെള്ളം കിട്ടാത്ത പൊതുടാപ്പുകളുടെ കണക്കെടുത്ത് തുക കുറക്കണമെന്ന് പഞ്ചായത്തുകളും നഗരസഭകളും ആവശ്യപ്പെടാറുണ്ടെങ്കിലും ഫലമില്ല. മിക്കവാറും തദ്ദേശസ്ഥാപനങ്ങളുടെ ജല ബിൽ കുടിശ്ശികയാണെന്നത് മറ്റൊരു കാര്യം. കോടികളാണ് കുടിശ്ശിക. 5512 രൂപ വീതമാണ് ടാപ്പ് ഒന്നിന് അടക്കേണ്ടത്. എന്നാൽ, വെള്ളം കിട്ടാത്ത പൈപ്പുകൾ ഒഴിവാക്കിവേണം ബിൽ നൽകാനെങ്കിലും ഇത് പരിഗണിക്കാറില്ല. പഞ്ചായത്തുകൾ കർശനനിലപാട് സ്വീകരിക്കാറുമില്ല. ജില്ലയിലെ മറ്റ് പഞ്ചായത്തുകൾ ബില്ല് വാങ്ങി ഫയലിൽ വെച്ചപ്പോൾ തലവടി പഞ്ചായത്ത് പ്രവർത്തനക്ഷമമായവക്ക് മാത്രം പണമെന്ന നിലപാടെടുത്ത് വിജയിച്ചു. അവിടെ 359 പൊതുടാപ്പുണ്ട്, 300 എണ്ണത്തിലും വെള്ളം എത്തുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. വാട്ടർ അതോറിറ്റിയുമായി ചേർന്ന് പഞ്ചായത്ത് പരിശോധന നടത്തി പല ടാപ്പിലും വെള്ളം എത്തുന്നില്ലെന്ന് ഉറപ്പുവരുത്തി. നിലവിലില്ലാത്തതും വെള്ളം കിട്ടാത്തതുമായ ടാപ്പുകളുടെ എണ്ണം നൽകിയാൽ പിന്നീട് അവക്ക് പണം നൽകേണ്ടെന്ന് അതോറിറ്റി അധികൃതർ തലവടി പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു.
പുന്നപ്ര വടക്ക് പഞ്ചായത്ത് ഓഫിസിനോടുചേർന്ന കമ്യൂണിറ്റി ഹാളിൽ നാലുവർഷമായി വെള്ളം കിട്ടിയിട്ടില്ല. അരലക്ഷം രൂപയുടെ ബില്ലാണ് നൽകിയത്. പഞ്ചായത്ത് തുക ഒടുക്കിയിട്ടില്ല. 500 പൊതുടാപ്പുകളിൽ പകുതിയിൽപോലും വെള്ളമില്ല.
ആലപ്പുഴ നഗരസഭ കോടികളാണ് ജല അതോറിറ്റിക്ക് നൽകാനുള്ളത്. ഇല്ലാത്ത പൊതുടാപ്പുകൾക്ക് പണം ഈടാക്കുന്നതാണ് കാരണമെന്ന് നഗരസഭ പറയുന്നു. സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 1700 പൊതുടാപ്പുകളുണ്ടെന്നാണ് കണക്ക്. പലതും പ്രവർത്തിക്കുന്നില്ല.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന് നവംബറിൽ ജല അതോറിറ്റിയിൽനിന്ന് വന്ന ബിൽ 18,64,80,441 രൂപയുടേതാണ്. 800 പൊതുടാപ്പുകൾ ഉള്ളതിൽ പകുതിയും പ്രവർത്തനക്ഷമമല്ല.
പതിറ്റാണ്ടുകളായി ജല അതോറിറ്റിയുടെ ശുദ്ധജലം ലഭിക്കാത്ത കുട്ടനാട് മേഖലയിലെ കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ കുടിശ്ശികയുള്ളത് ലക്ഷങ്ങളുടെ ബില്ലാണ്. നീലംപേരൂർ -17 ലക്ഷം, പുളിങ്കുന്ന് -36 ലക്ഷം. തിരുവല്ലയിൽ നടന്ന അദാലത്തിൽ പഞ്ചായത്ത് അധികൃതർ വിഷയം അവതരിപ്പിച്ചെങ്കിലും മുടക്കംകൂടാതെ ബിൽ കിട്ടുന്നതല്ലാതെ ഒന്നിലുമില്ല നടപടി. കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിൽ ശുദ്ധജലം ലഭിക്കുന്നുണ്ടെങ്കിലും ബില്ലിൽ കാണിച്ചിരിക്കുന്ന അത്രയും പൊതുടാപ്പുകളില്ലെന്ന് അധികൃതർ പറയുന്നു. ചമ്പക്കുളം പഞ്ചായത്തിൽ മാസം 86,000-88,000 രൂപയുടെ ബില്ലാണ് ലഭിക്കുന്നത്.
ചെങ്ങന്നൂർ നഗരസഭയിൽ വെള്ളം കിട്ടാത്ത പൊതുടാപ്പുകളുടെ എണ്ണമെടുക്കാൻ പരിശോധന ആവശ്യപ്പെട്ട് ഒട്ടേറെത്തവണ കത്ത് നൽകിയെങ്കിലും നടപടിയില്ലെന്ന് നഗരസഭ അധികൃതർ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വർഷം 36 ലക്ഷം രൂപ ജല അതോറിറ്റിക്ക് നൽകുന്നു. 300 പൊതുടാപ്പുകളിൽ മിക്കതിലും വെള്ളമില്ല. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എല്ലാ വർഷവും 70 ലക്ഷത്തോളം രൂപയാണ് അടക്കുന്നത്. എന്നാൽ, മിക്കവാറും ടാപ്പുകളിൽ വെള്ളം എത്തുന്നില്ലെന്ന് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു.
ആര്യാട് മാസം 1,63,000 രൂപ വെള്ളക്കരം അടക്കുന്നു. പക്ഷേ, 15 പൊതുടാപ്പുകളിലേ വെള്ളമുള്ളൂ. ബില്ലിൽ 351 ടാപ്പുകളുടെ കണക്കുണ്ട്. കൃഷ്ണപുരം പൊതുടാപ്പുകൾ പലതിലും വെള്ളമില്ല, പക്ഷേ 1.5 ലക്ഷം രൂപ ജല അതോറിറ്റിക്ക് നൽകുന്നു.
താമരക്കുളം അഞ്ഞൂറോളം പൊതുടാപ്പുണ്ട്. പകുതിയിലും വെള്ളമില്ല. നൂറനാട് പകുതി ടാപ്പുകൾ ഒഴിവാക്കണമെന്ന് ജല അതോറിറ്റിക്ക് കത്ത് നൽകിയെങ്കിലും ഫലമില്ല. 426 ടാപ്പുകളിൽ പലതിലും വെള്ളമില്ല. 1.86 ലക്ഷം രൂപ മാസം അടക്കുന്നു. ചുനക്കര 186 ടാപ്പുകളിൽ പകുതിയിലും വെള്ളമില്ല. പട്ടണക്കാട് ഉപയോഗമില്ലാത്ത ടാപ്പുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്. ചേപ്പാട് 200 പൊതുടാപ്പുകളിൽ 120 എണ്ണത്തിലും വെള്ളം കിട്ടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.