കരിയിലയും കമ്പും ഭാരമത്രേ, വഴിച്ചേരിയുടെ തണൽ മുറിച്ചുമാറ്റാൻ വാട്ടർ അതോറിറ്റി
text_fieldsവഴിച്ചേരി വാട്ടർ അതോറിറ്റി ഓഫിസ് വളപ്പിൽ മുറിച്ച് നീക്കാൻ പോകുന്ന തണൽ മരം
ആലപ്പുഴ: വഴിച്ചേരി-മാർക്കറ്റ് റോഡിന് തണലും കുളിർമയും പകരുന്ന മരം മുറിച്ച് മാറ്റാൻ നീക്കം. അര നൂറ്റാണ്ടിലേറെയായി തണൽ പകരുന്ന വാട്ടർ അതോറിറ്റി ഓഫിസ്വളപ്പിലെ പടുകൂറ്റൻ ഉറക്കംതൂങ്ങി മരമാണ് മുറിച്ച് മാറ്റാൻ നടപടിയായത്. ഇത് മുറിക്കുന്നതിനെതിരെ പ്രതിഷേധവുമുയരുന്നു. മരത്തിന്റെ കമ്പും കരിയിലയും ശല്യമായതിനാൽ മുറിച്ച് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പറയുന്നത്. മരം മുറിക്കുന്നതിനായി മൂന്നുവർഷം മുമ്പ് വനംവകുപ്പിൽനിന്ന് അനുമതി വാങ്ങിയിരുന്നു. അതനുസരിച്ച് ടെൻഡർ നടപടികൾ തുടങ്ങിയെങ്കിലും ടെൻഡർ എടുക്കാൻ ആരും തയാറായിരുന്നില്ല. ഇപ്പോഴാണ് ഒരാൾ എത്തിയതെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. കരാറെടുത്തയാൾ പണം അടക്കാത്തതിനാലാണ് മുറിക്കൽ നീളുന്നത്. മരത്തിന് കേടുകൾ ഒന്നുമില്ലെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു.
വഴിയോര കച്ചവടക്കാർ അടക്കം നിരവധി വ്യാപാരികൾക്കും യാത്രക്കാർക്കും തണൽ പകരുന്ന മരത്തിന്റെ കടക്കൽ കത്തിവെക്കാനാണ് വാട്ടർ അതോറിറ്റി അധികൃതർ ശ്രമിക്കുന്നത്. നീർപക്ഷികളടക്കം നൂറുകണക്കിന് പറവകളുടെയും ആശ്വാസ കേന്ദ്രമാണ് ഈ മരം. ഇത്രത്തോളം പഴക്കമുള്ള മരങ്ങൾ നഗരത്തിൽ അപൂർവമാണ്. അതിനെ സംരക്ഷിക്കുന്നതിന് പകരം നിഷ്കരുണം മുറിച്ച് മാറ്റാനുള്ള അധികൃതരുടെ നടപടി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അപകടനിലയിലല്ലാത്ത മരം മുറിച്ച് നീക്കുന്നതിന് വനംവകുപ്പ് അനുമതി നൽകിയതും വിമർശനത്തിന് ഇടയാക്കുന്നു.
മരം മുറിച്ച് മാറ്റുന്നതിന് ടെൻഡർ വിവരങ്ങൾ പബ്ലിക്കായി വെളിപ്പെടുത്താനാവില്ലെന്നാണ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ‘മാധ്യമ’ത്തോട് പറഞ്ഞത്. മൂന്നുവർഷം മുമ്പ് പൊതുസ്ഥലങ്ങളിലെ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇപ്പോൾ അതത് തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റിയുടെ അനുമതിയാണ് വേണ്ടത്.
മൂന്നുവർഷം മുമ്പ് വനംവകുപ്പ് നൽകിയ അനുമതി ഉപയോഗിച്ച് ഇപ്പോൾ മരംമുറിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നു. ഇപ്പോൾ മുറിക്കുന്നതിന് ട്രീ കമ്മിറ്റിയുടെ അനുമതിയാണ് വേണ്ടത്. അത് വാങ്ങിയിട്ടില്ല. മൂന്നുവർഷം മുമ്പ് വനംവകുപ്പ് കണക്കാക്കിയ വിലയല്ല ഇപ്പോൾ മരത്തിനുള്ളതെന്നും പഴയ അനുമതി ഉപയോഗിച്ച് ഇപ്പോൾ മരം മുറിക്കുന്നത് ക്രമക്കേടാണെന്നും വാദമുയരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.