നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിൽ
text_fieldsആലപ്പുഴ: കനത്ത മഴയിൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖല വെള്ളപ്പൊക്ക ഭീതിയിൽ. മലയോര മേഖലയിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി കിഴക്കൻവെള്ളം ഒഴുകിയെത്തുന്നതും ദുരിതത്തിന് ആക്കംകൂട്ടി. പത്തനംതിട്ടയിലും കോട്ടയത്തും രാപ്പകൽ വ്യത്യാസമില്ലാതെ പെയ്യുന്ന തോരാമഴയും വേലിയേറ്റവും നദികളിലെ ജലനിരപ്പ് വർധിക്കാൻ കാരണമായി. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതിനേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. എടത്വ, തലവടി അടക്കമുള്ള അപ്പർ കുട്ടനാട് മേഖലകളിലും കുട്ടനാട്ടിലെ പാടശേഖരങ്ങളിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറി. ഇത് ഇരുചക്രവാഹന യാത്രക്കാർക്കടക്കം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആറാട്ടുപുഴ, ചേർത്തല, ഒറ്റമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ കടൽക്ഷോഭവും രൂക്ഷമാണ്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നദികളിലും തോടുകളിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.
പള്ളാത്തുരുത്തി, നെടുമുടി, കാവാലം, തണ്ണീർമുക്കം അടക്കമുള്ള പ്രധാന ജലാശയങ്ങളിൽ ഒന്നരയടിയോളം വെള്ളമാണ് കൂടിയത്. നീണ്ട ഇടവേളക്കു ശേഷമാണ് കാവാലത്തും നെടുമുടിയിലും ജലനിരപ്പ് ഉയർന്നത്. നെടുമുടിയിൽ അപകടനില 1.10 മീറ്ററാണ്. ഇത് തിങ്കളാഴ്ച വൈകീട്ട് 1.18 മീറ്ററായി ഉയർന്നു. കാവാലത്ത് അപകടനിലയായ 0.85 മീറ്ററിൽനിന്ന് 0.96 മീറ്ററായും ഉയർന്നു. പള്ളാത്തുരുത്തിയിലും അപകടനിലക്ക് മുകളിൽ ജലമെത്തി.
നദികളുടെ ഇരുകരയിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിലവിൽ തുരുത്തുകളിലും താഴ്ന്നപ്രദേശങ്ങളിലും താമസിക്കുന്നവരാണ് ദുരിതത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.