വേനൽമഴയിൽ വെള്ളക്കെട്ട്; നാലുതോടു പാടശേഖരത്തിൽ കൊയ്ത്ത് നിർത്തി
text_fieldsമാന്നാർ: വേനൽമഴയെ തുടർന്നു മാന്നാർ നാലുതോടു പാടശേഖരം വെള്ളക്കെട്ടിലായതോടെ കൊയ്ത്ത് നിർത്തി. ചെന്നിത്തല -മാന്നാർ പഞ്ചായത്ത് അതിർത്തിയിലുള്ള നാലുതോടു പാടശേഖരം 252 ഏക്കറാണ്. ഇതിൽ 30 ഏക്കറിൽ മാത്രമേ കൊയ്ത്തു നടന്നുള്ളൂ. അപ്പോഴേക്കും വേനൽമഴ വെള്ളം പാടശേഖരമാകെ നിറഞ്ഞു. പാടശേഖരത്തിൽ ഒരടിയോളം വെള്ളമുണ്ട്.
കഴിഞ്ഞ വർഷം വേനൽമഴ കാരണം ഈ 252 ഏക്കറിൽനിന്ന് ഒരുമണി നെല്ലുപോലും കൊയ്തെടുക്കാനായില്ല.കൊയ്ത്തിനെത്തിയ പത്തോളം യന്ത്രങ്ങൾ കരയിലും പാടശേഖരത്തോട് ചേർന്നുള്ള ബണ്ടു റോഡിലുമായി കിടക്കുകയാണ്. രണ്ടു ദിവസമായി ഈ ഭാഗത്തു മഴ കുറവായിരുന്നെങ്കിലും നിലവിലെ കാലാവസ്ഥ പ്രവചന പ്രകാരം വരുംദിവസങ്ങളിൽ മഴയുടെ ശക്തി കൂടാൻ സാധ്യതയേറെയാണെന്നതിൽ കർഷകർ ആശങ്കയിലാണ്.
കൊയ്തെടുത്ത നെല്ല് പാടശേഖരത്തിലും ബണ്ടു റോഡിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഈർപ്പമുണ്ടാകാതിരിക്കാൻ കർഷകർ ആളെ നിർത്തി നെല്ലുണക്കിയ ശേഷം മൂടിയിടുകയാണ് ചെയ്യുന്നത്. ഇതിനുണ്ടാകുന്ന ചെലവ് ഓരോ കർഷകർക്കും അധിക ബാധ്യതയായി. മഴ നിലക്കുന്നതോടൊപ്പം പാടശേഖരത്തിലെ ജലനിരപ്പു താഴ്ന്നാൽ മാത്രമേ ഇവിടെ കൊയ്ത്തു നടക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.