തോട്ടപ്പള്ളിയിൽ നടന്നത് കരിമണൽ ഖനനമല്ല -കലക്ടർ
text_fieldsആലപ്പുഴ: തോട്ടപ്പള്ളിയിൽ നടന്നത് കരിമണൽ ഖനനമല്ലെന്ന് കലക്ടർ എ. അലക്സാണ്ടർ. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽനിന്ന് വെള്ളം പോകുന്നതിന് തടസ്സമായ മണ്ണുനീക്കി പ്രളയസാധ്യത ഇല്ലാതാക്കുകയാണ് ചെയ്തത്. പൊഴി വീതികൂട്ടലിന്റെ ഭാഗമായി സർക്കാർ നിരക്ക് നിശ്ചയിച്ചാണ് കെ.എം.എം.എൽ വഴി മണ്ണുനീക്കിയത്. തോട്ടപ്പള്ളിയിൽ സമരം നടത്തുന്ന പരിസ്ഥിതി സ്നേഹികളുടെ ഭാഗത്തുനിന്ന് നോക്കിയാൽ ചിലപ്പോൾ ന്യായമുണ്ടെന്ന് തോന്നും. എന്നാൽ, ഭരണതലത്തിൽനിന്ന് നോക്കുമ്പോൾ ഭൂരിഭാഗം ജനങ്ങളുടെ പ്രശ്നമാണ് പ്രധാനം. രണ്ടുവർഷത്തെ അനുഭവത്തിൽ പറയുകയാണ്, മണ്ണെടുക്കാതെ വെള്ളപ്പൊക്കം തടയാൻ കഴിയില്ല. തോട്ടപ്പള്ളിയിലെ പ്രശ്നപരിഹാരത്തിന് സർക്കാർ പുതിയപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ലീഡിങ് ചാനൽ ആഴംകൂട്ടാനും സംരക്ഷണഭിത്തി നിർമിക്കാനും നിലവിലെ തടസ്സം മാറ്റാനും 70 കോടിയുടെ പദ്ധതിക്ക് അനുമതി കിട്ടിയിട്ടുണ്ട്. അതുകൂടി എത്തുമ്പോൾ നിലവിലെ പ്രശ്നങ്ങൾക്ക് ശമനമുണ്ടാകും -വിരമിക്കുന്നതിന് മുന്നോടിയായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കലക്ടർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കലക്ടർ എന്ന നിലയിൽ രാഷ്ട്രീയസമ്മർദവും പിരിമുറക്കവും ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിമിതികളിൽനിന്ന് അത്തരം കാര്യങ്ങളെല്ലാം വലിയ തർക്കമില്ലാതെ പരിഹരിക്കാനായി. രണ്ട് പ്രളയസാഹചര്യത്തെ പ്രതിരോധിക്കുന്നതിനൊപ്പം ഫലപ്രദമായി നേരിടാനായി. ജില്ലയില്‍ ശുചിമുറി മാലിന്യം സംസ്കരിക്കാന്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ചേർത്തലയിൽ ഉടൻ തയാറാകും. കോവിഡ് വ്യാപനം എത്രകൂടിയാലും അതിജീവിക്കാന്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തി. 250 കോടിയുടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാട് കുടിവെള്ള പദ്ധതിയുടെ സ്ഥലം ഏറ്റെടുത്തു. കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി ജലമേള ഇത്തവണയുണ്ടാകും. സാഹചര്യം അനുകൂലമായാൽ ആഗസ്റ്റിലും അല്ലെങ്കിൽ നവംബറിലും നടത്തും. അവധിദിനങ്ങളിൽ ഒരുലക്ഷത്തോളം ആളുകൾ എത്തുന്ന ആലപ്പുഴ ബീച്ചിൽ നവീകരണം നടത്തും. ഒരുകോടി രൂപ കംഫർട്ട് സ്റ്റേഷനും കെ.ടി.ഡി.സി ഹോട്ടലും തുടങ്ങും.
ആലപ്പുഴക്കാർ സ്നേഹം കൂടിയവരാണ്. എവിടെ ചെന്നാലും അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പ്രളയബാധിത മേഖലയിൽ കഴുത്തറ്റം വെള്ളത്തിൽനിൽക്കുന്ന ബുദ്ധിമുട്ടിയേറിയ സമയത്തും അവരുടെ സ്നേഹസാമീപ്യം അടുത്തറിഞ്ഞിട്ടുണ്ട്. ജോലിയുടെ ഭാഗമായി ചെയ്തുകൊടുത്ത ചെറിയകാര്യങ്ങൾക്കുപോലും ആലപ്പുഴക്കാർ ഒട്ടേറെ തവണയാണ് നന്ദി പറഞ്ഞിട്ടുള്ളത്. ഇത് വലിയ പ്രചോദനമായി മാറിയിട്ടുണ്ട്. കലക്ടറായി ഇരുന്നപ്പോൾ കിട്ടിയ ഇത്തരം സ്നേഹം ജീവിതത്തിൽ മറക്കാനാവാത്തതാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടാണ് കൂടുതലും പരിഹാരം കണ്ടെത്തിയത്.
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വഴിമുട്ടിയവർക്ക് പരിഹാരമുണ്ടാക്കി. പണവും സ്വാധീനവുമില്ലാതെ അത്തരക്കാരോട് നീതിപുലർത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള 50,000 രൂപയുടെ ധനസഹായം അപേക്ഷിച്ച എല്ലാവർക്കും നൽകി. ജില്ലയിൽ കോവിഡ് ബാധിച്ച് 4800 പേരാണ് മരിച്ചത്. ഇതിൽ 4400 അപേക്ഷകൾക്കും ധനസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.