ഗോപിച്ചേട്ടാ ഇനി എന്തിനാണ് പഠിക്കുന്നത് ? 75 വയസുകാരന്‍റെ ഉത്തരമിതാണ്
text_fieldsആലപ്പുഴ: വയസായി. ആകെ നരച്ചു. തൊലി ചുളിഞ്ഞു. കാഴ്ച മങ്ങി. ഇനി എന്തിനാണ് പഠിക്കുന്നത് ? ഗോപിച്ചേട്ടനോട് എല്ലാവരും ചോദിച്ചതിങ്ങനെയാണ്. പഠനത്തിന് പ്രായം തടസമില്ലെന്ന് മറുപടി പറഞ്ഞാണ് ഗോപിച്ചേട്ടൻ ഇപ്പോഴും ക്ലാസിലിരിക്കുന്നത്. പി.ഡി. ഗോപിദാസ്, പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവാണ്.
അമ്പപ്പുഴപ്പുഴ പറവൂർ സ്വദേശിയായ ഗോപിദാസ് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് തുല്യതാ പഠനം പൂർത്തിയാക്കിയത്. ചെറുപ്പത്തിൽ അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഇദ്ദേഹം സാക്ഷരതാ മിഷൻ വഴിയാണ് ഏഴാം തരം പാസായത്. താൻ പത്താം ക്ലാസ് ജയിച്ചു കാണണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നുവെന്നും ചെറിയ പ്രായത്തിൽ അതിന് കഴിഞ്ഞില്ലെന്നും അമ്മ മരിച്ചെങ്കിലും പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞാണ് ഗോപിദാസ് തന്നെ ആദ്യമായി സമീപിച്ചതെന്ന് ബ്ലോക്ക് നോഡൽ പ്രേരക് പ്രകാശ് ബാബു പറഞ്ഞു.
ചെറുപ്പക്കാരായ മറ്റ് പഠിതാക്കൾക്ക് മാതൃകയായിരുന്നു ഗോപിച്ചേട്ടന്റെ പഠന രീതിയെന്നും ഓൺലൈൻ പഠനത്തിന്റെ പരിമിതികളെ തന്റെ ഇച്ഛാശക്തി കൊണ്ട് അദ്ദേഹം മറികടന്നെന്നും പ്രകാശ് പറഞ്ഞു. പത്താം തരം ജയിച്ച് പഠനം തുടരാനാണ് ഗോപിച്ചേട്ടന്റെ പ്ലാൻ. മക്കളും മരുമക്കളും പേരക്കുട്ടികളും നൽകുന്ന പിന്തുണയാണ് തന്റെ കരുത്തെന്ന് ഗോപിദാസ് പറഞ്ഞു.ആഗസ്റ്റ് 16 ന് ആരംഭിക്കുന്ന പരീക്ഷ സെപ്റ്റംബർ ഒന്നിന് അവസാനിക്കും.പരീക്ഷയ്ക്ക് ഒമ്പതു വിഷയങ്ങളാണ്. ജില്ലയിൽ 11 ഹൈസ്കൂളുകളാണ് പരീക്ഷയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷ നടത്തിപ്പിന്റെ പൂർണ്ണ ചുമതല പരീക്ഷാ ഭവനാണ്. ജില്ലയിൽ 435 പേരാണ് പത്താം തുല്യതാ പരീക്ഷ എഴുതുക. ഇതിൽ 239 പേർ സ്ത്രീകളും 196 പേർ പുരുഷന്മാരുമാണ്. എസ്. സി.വിഭാഗത്തിൽ നിന്നും 80 പേർ പരീക്ഷ എഴുതുന്നുണ്ട്. പടം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.