കയർ വ്യവസായം സംരക്ഷിക്കാൻ ഇടപെടും
text_fieldsആലപ്പുഴ: ജില്ലയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച് കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കയർ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയർന്ന ആശങ്കകളോട് മുഖ്യമന്ത്രി പ്രതികരിച്ചു. ഉൽപന്ന വൈവിധ്യവത്കരണമാണ് കയർ മേഖലക്കാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉൽപാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപവത്കരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് കയർ മേഖലയിലെ 50 തൊഴിലാളികൾക്ക് പരിശീലനം നൽകി. ഇവർക്ക് 600 രൂപ സ്റ്റൈപ്പൻഡും നൽകിയിരുന്നു. കെട്ടിക്കിടന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞു.
കയർ ഫെഡിന്റെ 22 ഗോഡൗണുകളിൽ 11 ഗോഡൗണുകളിലെ ഉൽപന്നങ്ങൾ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വർധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. കയർ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും.
യോഗത്തിലുയർന്ന നിർദേശങ്ങൾ എല്ലാം ഗൗരവമായി സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, വിപ്ലവ ഗായിക പി.കെ. മേദിനി, ഫാ. നെൽസൺ തൈപ്പറമ്പിൽ, ട്രാവൻകൂർ മാറ്റ് ആന്റ് മാറ്റിംഗ് കമ്പനി പ്രതിനിധി പ്രസാദ്, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി പി.കെ. മൈക്കിൾ തരകൻ, ആലപ്പുഴ മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് സയ്യിദ് എച്ച്. അബ്ദുൾ നാസർ തങ്ങൾ, കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ എന്നിവരുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടെ പ്രഭാത സദസ്സാണ് നടന്നത്. ഓരോ മണ്ഡലത്തിൽ നിന്നും 60 പേർ വീതം 300 ക്ഷണിതാക്കൾ പങ്കെടുത്തു.
എ.എം. ആരിഫ് എം.പി., എം.എൽ.എ. മാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല കലക്ടർ ജോൺ സാമുവൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.