ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം; ഭക്ഷ്യസുരക്ഷ, അത്ര സുരക്ഷിതമല്ല അർഹതപ്പെട്ട കുടുംബങ്ങൾ പുറത്ത്
text_fieldsആലപ്പുഴ: കേരളത്തിൽ റേഷൻകാർഡ് ഉടമകൾ വർധിച്ചിട്ടും കേന്ദ്രവിഹിതം കൂട്ടാത്ത ഭക്ഷ്യസുരക്ഷ അത്ര സുരക്ഷിതമല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നവംബറിലാണ് ദേശീയ ഭക്ഷ്യഭദ്രത നിയമം കേരളത്തിൽ നിലവിൽവരുന്നത്. ഇതിന് മുമ്പ് റേഷൻ കാർഡുകളുടെ എണ്ണം 82.60 ലക്ഷമായിരുന്നു. നിലവിൽ അത് 92.66 ലക്ഷമായി ഉയർന്നു. ആറര വർഷത്തിനിടെ കാർഡ് ഉടമകളുടെ എണ്ണം 10 ലക്ഷമാണ് വർധിച്ചത്. ജനസംഖ്യ വർധനക്കൊപ്പം മാതൃകുടുംബത്തിൽനിന്ന് മാറിത്താമസിക്കുന്നവരുടെ എണ്ണവും കൂടിയതാണ് ഇതിന് കാരണം. നിയമം നടപ്പാക്കുംമുമ്പ് റേഷൻ വാങ്ങിയിരുന്നത് 40 ശതമാനത്തോളം പേരാണെങ്കിൽ ഇപ്പോഴത് 85 മുതൽ 90 ശതമാനം വരെയാണ്. അതിന് ആനുപാതികമായി കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം ഉയർത്തിയില്ല. ഇതിനൊപ്പം നിലവിലെ വിഹിതം ഗണ്യമായി കേന്ദ്രം വെട്ടിക്കുറച്ചതോടെയാണ് അർഹതപ്പെട്ട കുടുംബങ്ങൾപോലും ഭക്ഷ്യഭദ്രതക്ക് പുറത്തായത്.
ഭക്ഷ്യഭദ്രതയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ അനവധിയാണ്. ഏതാനും മാസം മുമ്പ് മുൻഗണന റേഷൻകാർഡുടമയായ ചേർത്തല കണിച്ചുകുളങ്ങര കുറുപ്പശ്ശേരി രാജമ്മയുടെ വീട്ടിലെത്തി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കൈമാറിയത് 15,782 രൂപയാണ്.
രാജമ്മയെ കബളിപ്പിച്ച് റേഷൻ വ്യാപാരി തട്ടിയെടുത്ത ഭക്ഷ്യധാന്യത്തിനുള്ള നഷ്ടപരിഹാരത്തുകയായിരുന്നു അത്. തട്ടിയെടുത്ത ഓരോ കിലോ ഭക്ഷ്യധാന്യത്തിന്റെയും പൊതുവിപണി വില റേഷൻ വ്യാപാരിയിൽനിന്ന് ഈടാക്കിയാണ് ഇത് നൽകിയത്. ദേശീയ ഭക്ഷ്യഭദ്രത നിയമം വന്നതോടെയാണ് റേഷൻ മേഖലയിലെ ഈ മാറ്റം. എന്നാൽ, പുതിയ നിയമത്തിന്റെ ഗുണങ്ങളെക്കാൾ ഏറെ ദോഷമുണ്ട്. ഒരുവശത്ത് ഭക്ഷ്യഭദ്രത ഉറപ്പാകുമ്പോൾ, മറുവശത്ത് റേഷൻ വിഹിതത്തിലെ കുറവ്, മുൻഗണന നിശ്ചയിക്കുന്നതിലെ അപാകത, ആധാർ അധിഷ്ഠിത വിതരണത്തെപ്പോലും വെല്ലുവിളിച്ച് അരങ്ങേറുന്ന ക്രമക്കേടുകൾ അങ്ങനെ പോകുന്നു.
കുറഞ്ഞ നിരക്കിൽ ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിനൊപ്പം കാർഡുടമയുടെ അധികാരങ്ങളും അവകാശങ്ങളും വർധിച്ചു. രാജ്യത്തെ ഏത് റേഷൻ കടയിൽനിന്നും ഭക്ഷ്യധാന്യം വാങ്ങാമെന്നതാണ് അതിൽ പ്രധാനം. ഭക്ഷ്യധാന്യം കിട്ടിയില്ലെങ്കിൽ അലവൻസ് നൽകും. മോശം ഭക്ഷ്യധാന്യമാണെങ്കിൽ പരാതിപ്പെട്ടാൽ മാറ്റി നൽകും. പക്ഷേ, ജനസംഖ്യാനുപാതികമായി വിഹിതം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇനിയും കേന്ദ്രം അംഗീകരിച്ചിട്ടില്ല. നേരത്തേ എല്ലാവർക്കും കിട്ടിയിരുന്ന റേഷൻ പഞ്ചസാര ഇപ്പോൾ എ.എ.വൈ (മഞ്ഞ) കാർഡിന് മാത്രമാക്കി. മാസത്തിലുണ്ടായിരുന്ന മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കലായി. വിലയും കുത്തനെ കൂട്ടി. ചുരുക്കിപ്പറഞ്ഞാൽ ഭക്ഷ്യഭദ്രത പേരിലൊതുങ്ങി. മുൻഗണനയിൽ ഇടംനേടാൻ അർഹതയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. മുൻഗണന കാർഡ് കൈവശം വെച്ചവരുടെ ജീവിതനിലവാരം ഉയരുമ്പോൾ അവരെ ഒഴിവാക്കും. പകരം അർഹരായ അപേക്ഷകരെ ഉൾപ്പെടുത്തും. ഏതാനും വർഷമായി ഈ രീതിയാണ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.