ഇനിയെത്ര മരണങ്ങൾ കാണണം?
text_fieldsകൊയിലാണ്ടി: സുരക്ഷിതമായി റെയിൽപാളം മുറിച്ചുകടക്കാനുള്ള മാർഗത്തിന് ഇനിയും ജീവൻ ഹോമിക്കപ്പെടണോ....? പന്തലായനിക്കാരുടേതാണ് ചോദ്യം.
വർഷങ്ങളായുള്ള അവരുടെ ആവശ്യത്തിനു നേരെ മുഖംതിരിഞ്ഞു നിൽക്കുകയാണ് അധികൃതർ. വിദ്യാലയങ്ങളിലേക്കുൾപ്പെടെ കുട്ടികളെ അയക്കുന്ന അവരുടെ മനസ്സിൽ തീയാണ്. കഴിഞ്ഞ ദിവസം ആറാം ക്ലാസ് വിദ്യാർഥി ആനന്ദിന്റെ ജീവൻ കവർന്നത് സുരക്ഷിതമായ വഴിയുടെ അപര്യാപ്തതയാണ്. വർഷങ്ങളായുള്ള ആവശ്യമാണ് റെയിൽവേ സ്റ്റേഷനു വടക്കുഭാഗം മേൽനടപ്പാലം സ്ഥാപിക്കുയെന്നത്. പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പന്തലായനി ബി.ഇ.എം യു .പി സ്കൂൾ, കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് നിരവധി കുട്ടികളാണ് റെയിൽ പാളം മുറിച്ചുകടന്നെത്തുന്നത്.
അപകട മുൾമുനയിലൂടെയാണ് ഇവരുടെ യാത്ര. പലപ്പോഴും രക്ഷിതാക്കളും നാട്ടുകാരും കാവൽ നിന്നാണ് വിദ്യാർഥികളെ മറുപുറം കടത്തിവിടുന്നത്. സുരക്ഷിതമായ വഴി വേണമെന്ന ആവശ്യങ്ങൾ വനരോദനമായി മാറിയിരിക്കുകയാണ്.
നാട്ടുകാരും സ്കൂൾ പി.ടി.എകളും നൽകിയ നിവേദനങ്ങൾക്ക് അധികൃതർ വില കൽപിക്കാത്തതിന്റെ രക്തസാക്ഷിയാണ് കൊച്ചു വിദ്യാർഥി ആനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.