ഓട വെള്ളം റോഡിലൂടെ; ഇരിങ്ങണ്ണൂർ ടൗണിൽ അപകട ഭീതി
text_fieldsനാദാപുരം: മഴ പെയ്താൽ ഇരിങ്ങണ്ണൂർ അങ്ങാടിയിൽ യാത്ര ദുഷ്കരം. ടൗണിലെ ഓടകൾ അടഞ്ഞു മഴവെള്ളം റോഡിലേക്ക് പരന്നൊഴുകുന്നു. മഴക്കാല പൂർവ ശുചീകരണത്തിലെ താളപ്പിഴകളാണ് വെള്ളക്കെട്ടിന് കാരണം. ഓടകളിൽ ചളി നിറഞ്ഞ് മൂടിയിരിക്കുകയാണ്. കച്ചവടക്കാരും കാൽനടക്കാരുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
ഇതിലെ വാഹനങ്ങൾ പോകുമ്പോൾ ചളിവെള്ളം യാത്രക്കാരുടെ ശരീരത്തിലും കടകൾക്കുള്ളിലും തെറിക്കുന്നത് നിത്യസംഭവമാണ്. ജീവൻ പണയം വെച്ചാണ് കാൽനടക്കാർ ഉൾപ്പെടെ ഇതുവഴി സഞ്ചരിക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപാരികൾ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരോട് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഇരു ഭാഗത്ത്നിന്നും വാഹനങ്ങൾ വരുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമില്ലാതെ ഓവുപാലത്തിന് സമീപത്ത് ഗതാഗത തടസ്സവും നിത്യസംഭവമാണ്. പ്രശ്നത്തിൽ അധികൃതരുടെ സത്വര നടപടി ഉണ്ടായില്ലെങ്കിൽ വൻ ദുരന്തമാണ് വ്യാപാരികളും യാത്രക്കാരും ഭയപ്പെടുന്നത്. ടൗണിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയതായി എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വത്സരാജ് മണലാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.