Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:04 AM GMT Updated On
date_range 24 May 2022 12:04 AM GMTവൈദ്യപരിശോധനയുടെ പേരിൽ ചൂഷണം; ഖത്തര്‍ വിസ സെന്ററിനെതിരെ പരാതി പെരുകുന്നു
text_fieldsbookmark_border
കൊച്ചി: വൈദ്യപരിശോധനയുടെ പേരിൽ ഉദ്യോഗാർഥികളെ ചൂഷണം ചെയ്ത് കൊച്ചിയിലെ ഖത്തര്‍ വിസ സെന്റര്‍. ഇവർ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽതന്നെ പരിശോധനക്ക് നിർബന്ധിക്കുന്നതിനൊപ്പം, മെഡിക്കല്‍ വെരിഫിക്കേഷന്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയ പൂര്‍ണാരോഗ്യവാന്മാരെപ്പോലും തുടര്‍പരിശോധനക്കും മറ്റും നിർബന്ധിച്ച് അയക്കുന്നതായും പരാതിയുണ്ട്. വിസ അപ്രൂവൽ നടപടിക്കുശേഷം വൈദ്യപരിശോധനക്കും ബയോ മെട്രിക് നടപടികൾക്കും കൊച്ചിയിലെ വിസ സെന്ററിൽ എത്തുന്ന ഉദ്യോഗാർഥികൾക്കാണ് ദുരിതവും സാമ്പത്തിക നഷ്ടവും സംഭവിക്കുന്നത്. അഞ്ചുതവണയിലധികം ഓഫിസിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. വിസ ലഭിച്ച് ഒരാഴ്ചക്കുള്ളിൽ ജോലിയിൽ പ്രവേശിക്കേണ്ടവർ വരെ ദിവസങ്ങളോളം ഓഫിസിൽ കയറിയിറങ്ങേണ്ടി വരുന്നു. വ്യത്യസ്ത പരിശോധനക്കായി ആയിരങ്ങൾ ചെലവാക്കി നേടുന്ന ഫിറ്റ്‌നസ് റിപ്പോർട്ട് ഖത്തറിലേക്ക് അയക്കാതെ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. നിശ്ചിതദിവസം വരാൻ കഴിയാത്തവരിൽനിന്ന് പുതിയ അപ്പോയ്‌മെന്‍റിനായി 2700 രൂപവരെ ഈടാക്കുന്നുവെന്നും ഉദ്യോഗാർഥികൾ പറയുന്നു. വ്യത്യസ്ത സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും അയക്കുന്നത് മൂലം ലഭിക്കുന്ന കമീഷനുകളും ഉൾപ്പെടെ വൻ അഴിമതി ഇവിടെ നടക്കുന്നതായാണ് ആരോപണം. ഇക്കാരണത്താൽ ഇതര സംസ്ഥാനങ്ങളിലെ സെന്‍ററുകളിലേക്ക് പരിശോധനക്ക് പോകുന്നവരും നിരവധിയാണ്. സിംഗപ്പൂർ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസിക്കാണ് ഇതിന്‍റെ നടത്തിപ്പ് ചുമതല. കൂടുതൽ സുതാര്യമാർഗത്തിൽ പ്രവർത്തിക്കുന്നവർക്ക് സെന്ററിന്‍റെ നടത്തിപ്പ് കൈമാറണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. പ്രവാസി വെല്‍ഫെയര്‍ ഫോറം, ഇൻകാസ് തുടങ്ങിയ സംഘടനകൾ ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story